നൂറാം മത്സരത്തിൽ അർധ സെഞ്ചുറി, സിക്സറുകളുടെ എണ്ണത്തിൽ റെക്കോർഡ്; സീസണിലെ അരങ്ങേറ്റ മത്സരത്തിൽ തകർത്തടിച്ച് സഞ്ജു സാംസൺ

March 30, 2022

ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പൻ വിജയം സ്വന്തമാക്കിയപ്പോൾ തിളങ്ങിയത് നായകനായ സഞ്ജു സാംസൺ തന്നെയായിരുന്നു. ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ സഞ്ജു 5 സിക്സും 3 ബൗണ്ടറിയും ഉൾപ്പെടെ 27 പന്തിൽ 55 റൺസാണ് നേടിയത്. സഞ്ജുവിന്റെ തകർപ്പൻ പ്രകടനം തന്നെയാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത്.

രാജസ്ഥാന് വേണ്ടി നൂറാമത്തെ മത്സരത്തിനാണ് സഞ്ജു ഇന്നലെ ഇറങ്ങിയത്. തന്റെ സെഞ്ചുറി മത്സരം രാജകീയമായി തന്നെയാണ് സഞ്ജു കളിച്ചത്. അർധ ശതകത്തിനൊപ്പം ഒരു പിടി റെക്കോർഡുകളും ഇന്നലത്തെ മത്സരത്തിൽ സഞ്ജു തന്റെ പേരിലാക്കി.

ഇന്നലെ തന്റെ ഇന്നിംഗ്‌സിൽ നേടിയ 5 സിക്സറുകളോടെ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായി മാറിയിരിക്കുകയാണ് സഞ്ജു. 110 സിക്സറുകളാണ് സഞ്ജു രാജസ്ഥാന് വേണ്ടി അടിച്ചു കൂട്ടിയത്. മുൻ രാജസ്ഥാൻ താരം ഷെയ്ൻ വാട്സണെയാണ് സഞ്ജു ഇന്നലെ മറികടന്നത്. രാജസ്ഥാനും ഹൈദരാബാദും തമ്മിലുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസുള്ള താരവും ഇനി മുതൽ സഞ്ജുവാണ്.

സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് രാജസ്ഥാൻ ഇന്നലെ ഹൈദരാബാദിനെതിരെ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ തേരോട്ടം 149 റൺസിൽ അവസാനിക്കുകയായിരുന്നു.

Read More: നിർമിതിയ്ക്ക് പിന്നിലെ കാരണം ഇന്നും അവ്യക്തം; കാഴ്ചക്കാരുടെ കണ്ണുകളിൽ അത്ഭുതം വിടർത്തുന്ന കെട്ടിടം…

നേരത്തെ മത്സരത്തെ പറ്റിയുള്ള പ്രതീക്ഷകളെ പറ്റിയും ടീമിന്റെ കോച്ചുമാരെ പറ്റിയും സഞ്ജു സംസാരിച്ചിരുന്നു. പുനെയിലേത് മികച്ച പിച്ചായിരിക്കുമെന്നും അതിനാൽ തന്നെ വലിയ സ്കോറാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സഞ്ജു പറഞ്ഞത്. ഇത് യാഥാർഥ്യമാക്കിയ പ്രകടനമാണ് ഇന്നലെ രാജസ്ഥാൻ പുറത്തെടുത്തത്. ടീമിന്റെ കോച്ച് കുമാർ സംഗക്കാരയും ബൗളിംഗ് കോച്ച് ലസിത് മലിംഗയും ടീമിലെ താരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും അവരിൽ നിന്ന് തങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തിരുന്നു.

Story Highlights: Sanju’s 100th match for rajasthan royals