ഡ്രൈവിങ് ലൈസൻസ് ഇനി സെൽഫി; പൃഥ്വിരാജിന്റ കഥാപാത്രമാകാൻ അക്ഷയ് കുമാർ

March 10, 2022

പൃഥ്വിരാജ് സുകുമാരൻ സുരാജ് വെഞ്ഞാറന്മൂട് എന്നിവർ മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. മലയാളത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമിപ്പോൾ ഹിന്ദിയിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് സെൽഫി എന്നാണ് പേര് നൽകിയിരിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളാകുന്നത്. സെൽഫി സംവിധാനം ചെയ്യുന്നത് മേഹ്തയാണ്. ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.

മലയാളത്തിൽ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അന്തരിച്ച സച്ചിയാണ്. പൃഥ്വിരാജ് സിനിമ താരമായി എത്തുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് സുരാജ് എത്തിയത്. ആഡംബര കാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക, ഹിന്ദിയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആയിരിക്കും. സുരാജ് അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷമായിരിക്കും ഇമ്രാൻ ഹാഷ്മി കൈകാര്യം ചെയ്യുക. അതേസമയം ഇതാദ്യമായാണ് അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. അതേസമയം ഈ വര്‍ഷം തന്നെ സെൽഫി തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുന്ന വിധം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. എന്നാൽ ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read also:മീനൂട്ടിയുടെ റൊമാന്റിക് ഹീറോയെ വേദിയിലെത്തിച്ച് പാട്ട് വേദി, ചിരി നിമിഷം

മലയാളത്തിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രം ഹിന്ദിയിലേക്കെത്തുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമ ആസ്വാദകർ. അതിന് പുറമെ ബോളിവുഡിലെ സൂപ്പർ താരങ്ങളായ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിക്കുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

Story highlights: selfiee movie staring Akshay kumar Emraan Hashmi