ഐപിഎല്ലിലേക്ക് വീണ്ടും വാട്സണെത്തുന്നു; ഇത്തവണ പുതിയ റോളിൽ
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിദേശതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ വാട്സൺ. ചെന്നൈ സൂപ്പർകിങ്സിന്റെ താരമായിരുന്നു വാട്സൺ പല നിർണായക ഘട്ടങ്ങളിലും ടീമിന്റെ രക്ഷകനായി അവതരിച്ചിട്ടുണ്ട്. 2019 സീസണിൽ ചെന്നൈക്ക് ഐപിഎൽ കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് ഷെയ്ൻ വാട്സൺ. 2008 ലെ ആദ്യ ഐപിഎല്ലിൽ കിരീടം നേടിയ രാജസ്ഥാൻ റോയല്‍സിലും വാട്സൺ കളിച്ചിരുന്നു. കഴിഞ്ഞ സീസണിലാണ് വാട്സൺ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇപ്പോൾ ഐപിഎല്ലിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് വാട്സൺ. പക്ഷെ ഇത്തവണ സഹപരിശീലകന്റെ റോളിലാണ് താരത്തിന്റെ വരവ്. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങ് മുഖ്യ പരിശീലകനായുള്ള ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായാണ് വാട്സൺ ഇത്തവണത്തെ ഐപിഎല്ലിന് എത്തുന്നത്.
വാട്സൺ തന്നെയാണ് താൻ വീണ്ടും ഐപിഎല്ലിലേക്ക് വരുന്നുണ്ടെന്ന് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ആരാധകരെ അറിയിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹിയിലൂടെ പുതിയ കരിയര്‍ തുടങ്ങാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഒരാഴ്ചക്കകം ഇന്ത്യയിലെത്തി ഡല്‍ഹി ടീമിനൊപ്പം ചേരുമെന്നും വാട്സൺ വീഡിയോയിൽ പറയുന്നു. തന്റെ സഹതാരമായിരുന്ന റിക്കി പോണ്ടിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനായുള്ള കാത്തിരിപ്പിലാണ് താനെന്നും വാട്സണ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്റാണ് ഐപിഎല്‍ എന്നും കളിക്കാരനെന്ന നിലയില്‍ തനിക്ക് മഹത്തായ ഓര്‍മകളുള്ള ഐപിഎല്ലില്‍ പുതിയ റോളില്‍ എത്തുന്നത് ആവേശകരമാണെന്നും കൂട്ടിച്ചേർത്ത വാട്സൺ മികച്ച താരനിരയുള്ള ഡല്‍ഹിക്ക് ഇത്തവണ കീരിടം നേടിക്കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞു.
Read More: ‘വിട്ടുവീഴ്ചയില്ലാത്ത സിനിമ’; ‘പട’യെ അഭിനന്ദിച്ച് കബാലിയുടെ സംവിധായകൻ പാ രഞ്ജിത്ത്
2008 ൽ രാജസ്ഥാൻ റോയൽസ് ടീമിൽ കളിച്ചു തുടങ്ങിയ വാട്സൺ തന്റെ ഐപിഎല്‍ കരിയറില്‍ 145 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറി ഉള്‍പ്പെടെ 3874 റണ്‍സും 92 വിക്കറ്റും നേടിയിട്ടുണ്ട്.
മാര്‍ച്ച് 27 ന് മുംബൈ ഇന്ത്യന്‍സുമായാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.
Story Highlights: Shane watson back in ipl