‘വിട്ടുവീഴ്ചയില്ലാത്ത സിനിമ’; ‘പട’യെ അഭിനന്ദിച്ച് കബാലിയുടെ സംവിധായകൻ പാ രഞ്ജിത്ത്

March 15, 2022

പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മലയാള ചിത്രമാണ് ‘പട.’ കമൽ കെ എം സംവിധാനം ചെയ്ത ചിത്രം ഇതിനകം വലിയ നിരൂപക പ്രശംസയും നേടിയിരുന്നു. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത സിനിമ കൂടിയാണ്. 1996 ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘പട. പല പ്രമുഖരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.

ഇപ്പോൾ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്താണ് ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും മികച്ച രീതിയിലാണ് ‘പട’ എടുത്തിരിക്കുന്നത് എന്നാണ് പാ രഞ്ജിത്ത് പറയുന്നത്. തിരക്കഥയാണ് ചിത്രത്തിനെ വ്യത്യസ്തമാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു വിട്ടുവീഴ്ചയും കൂടാതെ സിനിമ എടുത്തത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്നും സംവിധായകൻ പറഞ്ഞു. ആദിവാസികൾക്കും ദളിതർക്കും അവകാശപ്പെട്ട ഭൂമി അവർക്ക് തിരികെ നൽകണമെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Read More: അനശ്വര കലാകാരി കെപിഎസി ലളിതയുടെ അവിസ്മരണീയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് സ്റ്റാർ മാജിക് താരങ്ങൾ- വേറിട്ടൊരു പ്രണാമം

‘കബാലി’, ‘കാല’, അടക്കമുള്ള സൂപ്പർഹിറ്റ് രജനി കാന്ത് ചിത്രങ്ങളുടെ സംവിധായകനാണ് പാ രഞ്ജിത്ത്. സംവിധായകന്റെ ഏറ്റവും അവസാനമായി പുറത്തു വന്ന ‘സർപ്പട്ട പരമ്പരൈ’ എന്ന ചിത്രം വലിയ വിജയമായി മാറിയിരുന്നു. ആമസോൺ പ്രൈമിൽ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോര്‍ജ് എന്നിവരാണ് ‘പട’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇ4 എന്‍റര്‍ടൈന്മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാൻ മുഹമ്മദാണ് ‘പട’യുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

Story Highlights: Pa Ranjith about pada