പരിമിതികളെ പരിശ്രമം കൊണ്ട് പരാജയപ്പെടുത്തി; ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഇടംനേടി ഇരട്ട സഹോദരിമാർ

March 30, 2022

ജീവിതത്തിലുണ്ടാകുന്ന പരിമിതികളെ പരിശ്രമം കൊണ്ട് പോരാടിത്തോൽപ്പിക്കുന്ന നിരവധി പേരെ ഇതിനോടകം നാം പരിചയപ്പെട്ടതാണ്. ഇപ്പോഴിതാ ജന്മനാ ബധിരരായി ജനിച്ചിട്ടും സ്വയം പഠിച്ച് ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഇടംനേടിയ രണ്ട് ഇരട്ട സഹോദരിമാരാണ് കേരളക്കരയുടെ മുഴുവൻ അഭിമാനമായി മാറുന്നത്. തിരുവനന്തപുരം സ്വദേശികളായ ലക്ഷ്മിയും പർവതിയുമാണ് ഈ ഉന്നതവിജയം നേടിയിരിക്കുന്നത്. സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ പർവ്വതിയ്ക്ക് 74 ആം റാങ്കും ലക്ഷ്മിയ്ക്ക് 75 ആം റാങ്കുമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഈ പട്ടികയിൽ ഇടംനേടുന്ന ആദ്യ മലയാളികളാണ് ഇരുവരും.

സീത- അജി കുമാർ ദമ്പതികളുടെ ഇളയമക്കളാണ് ലക്ഷ്മിയും പാർവ്വതിയും. ‘അമ്മ സീതയ്ക്കും സഹോദരൻ വിഷ്ണുവിനും കേൾവിശക്തിയില്ല. എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്നവരാണ് ഇവരും. അതേസമയം ലക്ഷ്മി- പാർവതിയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ഇവരുടെ പിതാവ് അജിത് കുമാർ മരണത്തിന് കീഴടങ്ങുന്നത്. അന്ന് മുതൽ അമ്മയുടെ സംരക്ഷണത്തിൽ വളർന്ന കുട്ടികൾ പക്ഷെ പഠനത്തിൽ വളരെയധികം മികവ് പുലർത്തുന്നവരാണ്.

Read also: ഇംഗ്ലീഷ് അധ്യാപകനിൽ നിന്നും ഓട്ടോറിക്ഷ ഡ്രൈവറിലേക്ക്; പ്രചോദനമായി 74 കാരന്റെ ജീവിതം

2019 മുതൽ ഇന്ത്യൻ എഞ്ചിനീയറിങ് സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവരാണ് ഇവർ ഇരുവരും. കേൾവി പരിമിതി ഉള്ളതിനാൽ ഇവർക്ക് പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ വീട്ടിൽ പുസ്തകങ്ങൾ വാങ്ങി സ്വന്തമായി പഠിച്ചാണ് ഇരുവരും പരീക്ഷയ്ക്ക് തയാറെടുത്തത്. സഹോദരൻ വിഷ്ണുവിന്റെയും ‘അമ്മ സീതയുടെയും പൂർണ പിന്തുണയിലാണ് ഇരുവരും ഈ വിജയം നേടിയത്. ഒരുപക്ഷെ ഇതാദ്യമായായിരിക്കും ഇരട്ട സഹോദരിമാർ ഒരേ പരീക്ഷയിൽ അടുത്തടുത്ത റാങ്കുകളിൽ വിജയം നേടുന്നതും.

നിലവിൽ ജലസേചന വകുപ്പിൽ അസി. എഞ്ചിനീയറായി ജോലി നോക്കുകയാണ് ലക്ഷ്മി. തദ്ദേശവകുപ്പിൽ അസി. എഞ്ചിനീയറായി താൽക്കാലിക നിയമനത്തിലാണ് പർവതിയുള്ളത്.

Story highlights: specially-abled sisters to win ies