‘അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ..’; മാപ്പിളപ്പാട്ടിന്റെ നൈർമല്യവുമായി വേദിയുടെ മനസ്സ് നിറച്ച് കുഞ്ഞ് ശ്രീദേവ്
ടോപ് സിംഗർ വേദിയിലെ കുഞ്ഞ് മിടുക്കനായ ശ്രീദേവിന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് അതിമനോഹരമായ ഒരു മാപ്പിളപ്പാട്ടിലൂടെയാണ് ഇപ്പോൾ പ്രേക്ഷക ഹൃദയം കീഴടക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ചതും ജനപ്രീതിയുള്ളതുമായ ഒരു മാപ്പിള പാട്ടാണ് ‘അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ’ എന്ന ഗാനം. പി. ഭാസ്കരന്റെ വരികൾക്ക് എം എസ് ബാബുരാജാണ് സംഗീതം നൽകിയിരിക്കുന്നത്. 1977- ലാണ് ഈ ഗാനം ആദ്യമായി പുറത്തിറങ്ങുന്നത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ കെ. ജെ. യേശുദാസ് ആലപിച്ച് അനശ്വരമാക്കിയ ഈ ഗാനവുമായാണ് ശ്രീദേവ് ടോപ് സിംഗർ വേദിയിലെത്തിയത്. അതിമനോഹരമായ ആലാപനത്തിലൂടെയാണ് ശ്രീദേവ് ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനം കവർന്നത്.
ടോപ് സിംഗർ വേദിയിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളാണ് ശ്രീദേവ്. പാട്ട് വേദിയിൽ ശ്രീദേവും ജഡ്ജസും തമ്മിലുള്ള കളി ചിരിയും തമാശകളും വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. നേരത്തെ സംഗീത സംവിധായകൻ ദീപക് ദേവിനെ അനുകരിച്ച് ശ്രീദേവ് വേദിയിൽ ചിരി പടർത്തിയിരുന്നു.
മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
Story Highlights: Sreedev’s song