‘ആയിരം കാതം അകലെയാണെങ്കിലും…’ അതിഗംഭീരമായി ആലപിച്ച് ശ്രീഹരി, എഴുന്നേറ്റ് നിന്ന് കൈയടിച്ച് വേദി
ആയിരം കാതം അകലെയാണെങ്കിലും… മായാതെ മക്ക മനസ്സിൽ നിൽപ്പൂ… കാലമെത്ര കഴിഞ്ഞാലും സംഗീതപ്രേമികളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങളിൽ ഒന്നാണിത്. 1977 ൽ പുറത്തിറങ്ങിയ ‘ഹർഷബാഷ്പം’ എന്ന ചിത്രത്തിലെതാണ് ഈ ഗാനം. ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഗാനവുമായി ടോപ് സിംഗർ വേദിയുടെ മനം കവരാൻ എത്തുകയാണ് മലയാളികളുടെ പ്രിയഗായകരിൽ ഒരാളായി മാറിയ കൊച്ചുമിടുക്കൻ ശ്രീഹരി. ഖാൻ സാഹിബിന്റെ വരികൾക്ക് എം ജെ അർജ്ജൂനൻ സംഗീതം നൽകിയ ഗാനം ഒരിക്കലെങ്കിലും ആസ്വദിക്കാത്ത മലയാളികൾ ഉണ്ടാവില്ല. അത്രമേൽ മലയാളി പാട്ട് പ്രേമികൾ നെഞ്ചേറ്റിയ ഗാനങ്ങളിൽ ഒന്നാണിത്. ഇപ്പോഴിതാ ഈ ഗാനവുമായി ശ്രീഹരി എത്തുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.
കേരളക്കര മുഴുവൻ ഹൃദയത്തിലേറ്റിയ ഗായകരിൽ ഒരാളാണ് പാലക്കാട്ടുകാരൻ ശ്രീഹരി. കലാഭവൻ മണിയുടെ പാട്ടുകൾ പാടി വേദിയെ അത്ഭുതപ്പെടുത്തിയ ഈ മിടുക്കനിപ്പോൾ ഏത് പാട്ടിനും അനായാസം പാടും അതും അതിഗംഭീരമായിത്തന്നെ. പാലക്കാടിന്റെ മണിമുത്ത് എന്ന പേരിലാണ് ശ്രീഹരിയിപ്പോൾ ടോപ് സിംഗർ വേദിയിൽ അറിയപ്പെടുന്നതുപോലും. ശ്രീഹരിയുടെ പാട്ടുകൾക്കായി കാത്തിരിക്കുന്ന ആരാധകരെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഓരോതവണയും വേദിയിൽ ഈ കൊച്ചുമിടുക്കൻ എത്തുന്നത്. ഏത് ബുദ്ധിമുട്ടുള്ള പാട്ടും വളരെ മനോഹരമായി പാടുന്ന ഈ കുരുന്നിന്റെ മുന്നിൽ വേദി മുഴുവൻ എഴുന്നേറ്റ് നിന്ന് കൈയടിച്ച നിമിഷങ്ങളും നിരവധിയാണ്.
കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ശ്രീഹരിയുടെ ആലാപനമാധുര്യം. ഒപ്പം ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനത്തിൽ മുന്നിൽ ഇത്തവണയും എഴുന്നേറ്റ് നിന്ന് കൈയടിക്കുകയാണ് പാട്ട് വേദി.
Story highlights: Sreehari extraordinary Performance