കൊവിഡിൽ ജോലിയും വീടും നഷ്ടമായി; കഠിനാധ്വാനംകൊണ്ട് ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങി ദമ്പതികൾ, മാസം സമ്പാദിക്കുന്നത് 60,000 രൂപ വരെ

March 21, 2022

കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയത് ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാണ്. കൊറോണക്കാലത്ത് ജോലി നഷ്ടമായി തെരുവിൽ ഇറങ്ങേണ്ടിവന്ന നിരവധിപ്പേരിൽ ഒരാളാണ് കരണും ഭാര്യ അമൃതയും. പെട്ടന്നൊരു ദിവസം ജോലിയും താമസിച്ചിരുന്ന വീടും നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടിവന്നപ്പോൾ കൈയിൽ ആകെയുണ്ടായിരുന്ന സമ്പാദ്യം ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസും മാത്രമായിരുന്നു. അങ്ങനെ ജീവിതത്തിൽ നഷ്ടമായ ഓരോന്നിനെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കരണും ഭാര്യയും.

ഡൽഹി തലക്തോറ സ്വദേശികയാണ് കരൺ. ഒരു പാർലമെന്റ് അംഗത്തിന്റെ ഡ്രൈവർ ആയി ജോലി നോക്കിയിരിക്കുമ്പോഴാണ് കരണിന് ജോലി നഷ്ടമാകുന്നത്. മഹാമാരിയിൽ ജോലി നഷ്ടപ്പെട്ടതോടെ അതുവരെ താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങേണ്ടിവന്നു. തിരികെ കുടുംബവീട്ടിലേക്കും പോകാനുള്ള സാഹചര്യം അപ്പോൾ ഉണ്ടായിരുന്നില്ല. അങ്ങനെ കുറച്ച് നാൾ ഭാര്യയുടെ ബന്ധുവീട്ടിലും അവിടെ നിന്ന് പിന്നീട് തെരുവിലേക്കും താമസം മാറ്റി. അന്ന് വീട് വിട്ട് പോരുമ്പോൾ ഭാര്യയുടെ പിതാവ് അവർക്കുണ്ടായിരുന്ന ഒരു കാർ കരണിന് നൽകി. ആദ്യമൊക്കെ അമ്പലങ്ങളിൽ പോയി ഭക്ഷണം കഴിച്ചും, തെരുവിൽ കിടന്നുറങ്ങിയും ജീവിതം കഴിച്ചുകൂട്ടി. ഇതിനിടെ ജോലി അന്വേഷണവും തുടർന്നു.

Read also: കൊടുംവനത്തിൽ കുട്ടികൾ അകപ്പെട്ടത് 26 ദിവസം; ജീവൻ നിലനിർത്താൻ കാട്ടിലെ വെള്ളവും പഴങ്ങളും, ഇത് അത്ഭുതകരമായ രക്ഷപെടൽ

ജോലി ലഭിക്കാതെവന്നതോടെ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ അവർ തീരുമാനിച്ചു. അങ്ങനെ കൈയിൽ ഉണ്ടായിരുന്നതൊക്കെ വിറ്റ് പെറുക്കിയും കടം വാങ്ങിയും കുറച്ച് സാധനങ്ങൾ വാങ്ങി, അവർ അവരുടെ വാഹനത്തിൽ ഒരു മൊബൈൽ തട്ടുകട ഒരുക്കി. പിന്നീട് ഭക്ഷണം പാകം ചെയ്ത് വിൽക്കാനും തുടങ്ങി. പുലർച്ചെ 3.30 ന് ഉണർന്ന ശേഷം അവർ ഭക്ഷണം ഒരുക്കും. പിന്നീട് അതുമായി പലയിടങ്ങളിൽ പോയി വിൽക്കാനും തുടങ്ങി. അങ്ങനെ പ്രതിമാസം 60,000 രൂപവരെ സമ്പാദിച്ചുതുടങ്ങിയ അവർ നല്ലൊരു വരുമാനം ലഭിച്ചു തുടങ്ങിയതോടെ പഴയ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

Story highlights: Man lost job during pandemic now earns 6000 per month