“എങ്ങനെയാണ് ഒരാൾക്ക് ഇത്ര മനോഹരമായി പാടാൻ കഴിയുന്നത്”; അമൃതവർഷിണിയുടെ പാട്ടിൽ മിഴിയും മനസ്സും നിറഞ്ഞ് ശ്രീനിവാസ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.
തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ഗായകനാണ് ശ്രീനിവാസ്. ‘എത്രയോ ജന്മമായി’ അടക്കമുള്ള ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട ഗായകനാണ് ശ്രീനിവാസ്. ശ്രീനിവാസാണ് കഴിഞ്ഞ ദിവസം അതിഥിയായി ടോപ് സിംഗർ വേദിയിലെത്തിയത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയായ അമൃതവർഷിണിയുടെ പാട്ട് കഴിഞ്ഞപ്പോഴാണ് ശ്രീനിവാസിന്റെ മിഴി നിറഞ്ഞത്. പാട്ട് വളരെയധികം ഇഷ്ടപെട്ട ശ്രീനിവാസ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് അമൃതവർഷിണിയെ പ്രോത്സാഹിപ്പിച്ചത്. എങ്ങനെയാണ് ഒരാൾക്ക് ഇത്ര മനോഹരമായി പാടാൻ കഴിയുന്നതെന്നാണ് ശ്രീനിവാസ് അത്ഭുതപ്പെട്ടത്. പാട്ട് ചിട്ടപ്പെടുത്തിയ ബാബുരാജൻ മാസ്റ്ററെയും പാടിയ ജാനകിയമ്മയെയും ശ്രീനിവാസ് വേദിയിൽ ഓർത്തു.
അമൃതവർഷിണിക്ക് വലിയ പ്രശംസയാണ് ജഡ്ജസായ എം ജി ശ്രീകുമാറും, എം ജയചന്ദ്രനും ശ്രീനിവാസിനൊപ്പം നൽകിയത്. ആലാപനമാധുര്യം കൊണ്ട് പാട്ട് വേദിയുടെ മനം കവരാറുള്ള ഗായികയാണ് കോഴിക്കോടുകാരിയായ അമൃതവർഷിണി. മികച്ച ആലാപന മികവ് കൊണ്ട് സ്ഥിരമായി പ്രേക്ഷകരുടെയും ജഡ്ജസിന്റെയും കയ്യടി നേടാറുള്ള കൊച്ചു ഗായികയുടെ പാട്ടിന് ആരാധകരേറെയാണ്.
Read More: ഭീഷ്മപർവ്വം തീർച്ചയായും കാണുമെന്ന് നടൻ സൂര്യ; അമൽ നീരദിനൊപ്പം വൈകാതെ സിനിമയുണ്ടാവും
മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
Story Highlights: Sreenivas emotional at top singer