ഭീഷ്മപർവ്വം തീർച്ചയായും കാണുമെന്ന് നടൻ സൂര്യ; അമൽ നീരദിനൊപ്പം വൈകാതെ സിനിമയുണ്ടാവും

March 9, 2022

കേരളത്തിലും വലിയ ആരാധക വൃന്ദമുള്ള തമിഴ് സൂപ്പർതാരമാണ് സൂര്യ. സൂര്യയുടെ സിനിമകളൊക്കെ കേരളത്തിലും തിയേറ്ററുകളിൽ വലിയ തരംഗമാവാറുണ്ട്. ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിലെത്തിയ സൂര്യയുടെ ചിത്രമാണ് ‘എതർക്കും തുനിന്തവൻ.’ വലിയ പ്രശംസ നേടിയ സൂര്യയുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളും ഒടിടിയിലാണ് റിലീസ് ചെയ്തത്. എതർക്കും തുനിന്തവന്റെ പ്രൊമേഷന്റെ ഭാഗമായാണ് സൂര്യ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്.

ഇപ്പോൾ പ്രൊമോഷന്റെ സമയത്ത് മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തെയും സംവിധായകൻ അമൽ നീരദിനേയും പറ്റി സൂര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഭീഷ്മപർവ്വത്തിന്റെ ട്രെയ്‌ലർ നന്നായിട്ടുണ്ടെന്നും ഉറപ്പായും സിനിമ കാണാൻ ആഗ്രഹമുണ്ടെന്നും സൂര്യ പറഞ്ഞു. അമൽ നീരദിനൊപ്പം നേരത്തെയും സിനിമ ചെയ്യുന്നതിനെ പറ്റി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ തന്നെ ഒരു ചിത്രത്തിന്റെ റീമേക്കിനെ പറ്റിയാണ് അന്ന് അമൽ നീരദുമായി സംസാരിച്ചതെന്നും സൂര്യ ഓർത്തെടുത്തു. ഭീഷ്മപര്‍വ്വം കാണാന്‍ പറ്റിയില്ല. അമല്‍ നീരദ് ഒരിക്കല്‍ വന്ന് ഒരു കഥ പറഞ്ഞിരുന്നു, അതിന് ശേഷം പിന്നെ കഥ പറഞ്ഞിട്ടില്ല. അമല്‍ വന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ട്. ഇന്ന് സമയം കിട്ടുകയാണെങ്കില്‍ തിയേറ്ററില്‍ പോയി സിനിമ കാണും. സിനിമയുടെ ട്രെയ്‌ലര്‍ വളരെ നന്നായിട്ടുണ്ട്. കാറില്‍ വന്നപ്പോള്‍ ഭീഷ്മപര്‍വ്വത്തെ പറ്റി സംസാരിച്ചിരുന്നു. അമല്‍ നീരദിനെ ചെന്നൈയില്‍ വെച്ച് കണ്ടിരുന്നു. മമ്മൂക്കയുടെ ഒരു സിനിമ റീമേക്ക് ചെയ്യുന്നതിനെ പറ്റി സംസാരിച്ചു. പിന്നീട് അതിനെ പറ്റി സംസാരിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ വിളിച്ച് ചോദിക്കും അടുത്തെങ്ങാനും നമുക്ക് ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന്” – സൂര്യ പറഞ്ഞു.

Read More: ‘നിങ്ങൾ ഒരു അസാധാരണ നടിയാണെന്ന് സ്വയം തെളിയിച്ചു’- ‘ഒരുത്തി’യുടെ ടീസർ പങ്കുവെച്ച് ഭാവന

അതേ സമയം ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്. ‘ഭീഷ്മപർവ്വം’ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരിക്കുകയാണ്. വലിയ ആവേശമാണ് മമ്മൂട്ടി ആരാധകർക്കും മലയാളി പ്രേക്ഷകർക്കും സിനിമയുടെ വിജയം പകർന്നത്.

Story Highlights: Surya about bheeshmaparvam