കോട്ടയം പ്രദീപിനെ വേദിയിൽ ഓർമ്മിപ്പിച്ച് യുവതാരങ്ങൾ, കൈയടിച്ചും കണ്ണീരണിഞ്ഞും വേദി
നിനച്ചിരിക്കാത്ത നേരത്താണ് മലയാളികളുടെ പ്രിയതാരം കോട്ടയം പ്രദീപ് മരണത്തിന് കീഴടങ്ങിയത്. വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയതാരം ഇനി കുറേയെറേ കഥാപാത്രങ്ങളെ ബാക്കിവെച്ചുകൊണ്ടാണ് പെട്ടന്നൊരു ദിനം മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ കോമഡി ഉത്സവവേദിയിലൂടെ കോട്ടയം പ്രദീപിനെ അനുസ്മരിക്കുകയാണ് താരങ്ങൾ. മിമിക്രി കലാകാരന്മാരായ രാഹുലും രഞ്ജുവുമാണ് കോട്ടയം പ്രദീപിന് വേദിയിൽ ട്രിബ്യൂട്ട് ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ഒരു ട്രിബ്യൂട്ട് അവതരിപ്പിക്കാൻ വേദിയിലെത്തിയ ഇരുവരും ചേർന്ന് കോട്ടയം പ്രദീപ് അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ തന്നെ വേദിയിൽ എത്തിച്ചു.
അതേസമയം മരണം കവർന്ന പ്രിയകലാകാരനുമൊപ്പമുള്ള സിനിമ അനുഭവങ്ങളെക്കുറിച്ച് ചലച്ചിത്രതാരവും സ്ക്രിപ്റ്റ് റൈറ്ററുമായ ബിബിൻ ജോർജും അവതാരക രജന നാരായൺകുട്ടിയും വേദിയിൽ ഓർത്തെടുത്തു. കഴിഞ്ഞ ഫെബ്രുവരി 17 നാണ് കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. 61 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read also: മുകിലിന്റെ മറവുകളിൽ… സെൽവയുടെ വിയോഗം പറഞ്ഞ് ‘ഹൃദയ’ത്തിലെ ഗാനം; ഉള്ളംതൊട്ട് ചിത്രയുടെ ആലാപനം
2001-ൽ പുറത്തിറങ്ങിയ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കൻ സെൽഫി, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, സൺഡേ ഹോളിഡേ, ഗോദ, പുതിയനിയമം, ഒരേ മുഖം, തെറി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും കോട്ടയം പ്രദീപ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ആറാട്ട് ആണ് അവസാനമായി റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ചിത്രം. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
Story highlights: Tribute to Kottayam Pradeep