ബഹറിനെതിരെ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്ന്; മലയാളി താരം വി പി സുഹൈർ അരങ്ങേറ്റം കുറിച്ചേക്കും

March 23, 2022

ഐഎസ്എൽ ആരവമൊഴിയുമ്പോൾ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ബഹറിനെതിരെ ഇന്ന് നടക്കുന്ന സന്നാഹ മത്സരത്തിൽ ഐഎസ്എല്ലിൽ തിളങ്ങിയ യുവതാരങ്ങളെ കൂടി ഉൾപ്പെടുത്തിയ നിരയാണ് ഇറങ്ങുന്നത്. ബഹറിനിൽ ഇന്ന് രാത്രി ഒൻപതരയ്ക്കാണ് മത്സരം.

മലയാളി ഫുട്ബോൾ ആരാധകർക്കും വലിയ ആവേശം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഇന്നത്തെ മത്സരത്തിൽ മലയാളി താരം വി പി സുഹൈർ അരങ്ങേറ്റം കുറിച്ചേക്കും എന്ന വാർത്തയാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. സുഹൈറുൾപ്പടെ ഏഴ് പുതുമുഖങ്ങളുമായാണ് ഇന്ത്യൻ ടീം ഇന്ന് ബഹറിനെ നേരിടാനിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾഡൺ ഗ്ലൗ ജേതാവ് പ്രഭ്‌സുഖന്‍ ഗില്‍, ഹോര്‍മിപാം, റോഷന്‍ സിങ്, ഡാനിഷ് ഫാറൂഖ്, അനികേത് യാദവ്, അന്‍വര്‍ അലി എന്നിവരാണ് കോച്ച് ഇഗോർ സ്റ്റിമാക്ക് ടീമിൽ ഉൾപ്പെടുത്തിയ മറ്റ് പുതുമുഖങ്ങൾ. ഐഎസ്എല്ലിലെ മികവാണ് യുവതാരങ്ങൾക്ക് തുണയായത്. പരിക്കേറ്റ നായകൻ സുനിൽ ഛേത്രി, മലയാളിതാരങ്ങളായ സഹൽ അബ്ദുൽ സമദ്, അഷിക് കുരുണിയൻ എന്നിവർ ടീമിൽ നിന്ന് പിൻമാറി.

പരിചയ സമ്പന്നരായ താരങ്ങൾക്കൊപ്പം മികവ് പ്രകടിപ്പിച്ച യുവ താരങ്ങളെ കൂടി ഉൾപ്പെടുത്തി മികച്ചൊരു ടീമിനെയാണ് കോച്ച് ഇഗോർ സ്റ്റിമാക്ക് ഇന്ന് ബഹറിനെ നേരിടാൻ ഇറക്കുന്നത്. ബ്രാണ്ടൻ ഫെർണാണ്ടസ്, മൻവീർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാൽ, സന്ദേശ് ജിംഗാൻ, ലിസ്റ്റൺ കൊളാസോ, റഹീം അലി, പ്രണോയ് ഹാൾഡ‍ർ, ജീക്സൺ സിംഗ് തുടങ്ങിയവരും ടീമിലുണ്ട്. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യ ബഹറിനെ നേരിടുന്നത്.

Read More: സ്ത്രീകളുടെ മനക്കരുത്തിന്റെ കഥയുമായി എത്തിയ ‘ഒരുത്തീ’; ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

ശനിയാഴ്ച ബെലാറൂസിനയും ഇന്ത്യ നേരിടുന്നുണ്ട്. എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ജൂണ്‍ എട്ടിന് കംബോഡിയയെയും 11ന് അഫ്ഗാനിസ്ഥാനെയും 14ന് ഹോങ്കോങിനെയും നേരിടും.

Story Highlights: V P Suhair joins indian team