200 കോടി ക്ലബ്ബിൽ അജിത്തിന്റെ ‘വലിമൈ’…

March 24, 2022
Ajith to team up with Valimai team once again

ഈ കഴിഞ്ഞ ഫെബ്രുവരി 24 നാണ് തമിഴ് സൂപ്പർതാരം അജിത്തിന്റെ വലിമൈ തിയേറ്ററുകളിലെത്തിയത്. കൊവിഡ് കാരണം പല തവണ റിലീസ് മാറ്റി വച്ച ചിത്രം ഒടുവിൽ തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായത്. വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നതെന്ന സൂചന ആദ്യ ദിവസം മുതൽ തന്നെ പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

ഇപ്പോൾ ചിത്രം 200 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഒരു അജിത്ത് ചിത്രം തിയേറ്ററുകളിലെത്തിയത്. അജിത്തിന്റെ ഫൈറ്റ് രംഗങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്.

ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റർ.

Read More: ഇന്ന് ലോക ക്ഷയരോഗദിനം; രോഗനിവാരണത്തിൽ രാജ്യത്തിന് മാതൃകയായി കേരളം

നേരത്തെ അജിത്തിനൊപ്പം ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റി മലയാള നടൻ ദിനേശ് പ്രഭാകർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. നടൻ അജിത്തിനൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നാണ് ദിനേശ് പ്രഭാകർ പറഞ്ഞത്. വലിമയിൽ സുപ്രധാന കഥാപാത്രത്തിലൂടെയാണ് മലയാളിയായ ദിനേശ് പ്രഭാകർ കൈയടി നേടുന്നത്. വലിമയിൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു പോലീസ് ഓഫീസറായാണ് ദിനേശ് പ്രഭാകർ എത്തുന്നത്. അജിത്തുമായുള്ള കോമ്പിനേഷൻ സീനുകളിലെല്ലാം ദിനേശിന്റെ കഥാപാത്രം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദിനേശ് പ്രഭാകറിനെ കൂടാതെ പേർളി മാണി, ധ്രുവൻ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിലുണ്ട്.

Story Highlights: Valimai joins 200 crore club