സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ കാലഘട്ടത്തിൽ ജീവിച്ച കേളുവിനെ ജീവസ്സുറ്റതാക്കി ഇന്ദ്രൻസ്- പ്രശംസിച്ച് സംവിധായകൻ

March 18, 2022

അഭിനയ മികവുകൊണ്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച ചലച്ചിത്രതാരമാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരം അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള താരം ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ കഥാപാത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുന്നത്.

‘ഇന്ദ്രൻസ് എന്ന കഴിവുറ്റ നടൻ ജീവൻ നൽകിയ കേളു എന്ന കഥാപാത്രത്തെയാണ് പത്തൊൻപതാം നൂറ്റാണ്ടിൻെറ 27-ാം ക്യാരക്ടർ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്.. നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യൻ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേർച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നത്..

ഇന്ദ്രൻസ് തൻെറ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി… ഇത്രയേറെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് എങ്ങനെ രണ്ടര മണിക്കുറിൽ ഈ സിനിമയുടെ കഥപറഞ്ഞു തീർക്കുമെന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. തീയറ്ററിൽ സിനിമ വന്നു കഴിയുമ്പോൾ നിങ്ങൾക്ക് അതിനുള്ള മറുപടി കിട്ടുമെന്ന് യാതൊരു അവകാശവാദങ്ങളുമില്ലാതെ പറഞ്ഞു കൊള്ളട്ടെ..

ഇതുവരെ പ്രേക്ഷകർക്കു പരിചയമില്ലാത്ത ഒരു ചരിത്ര പുരുഷൻെറ സാഹസിക കഥ പറയുന്ന ആക്ഷൻ പാക്ക്ഡ് ആയ ഈ ചിത്രത്തിലെ നായകൻ സിജു വിത്സനാണ്. ഈ ചരിത്ര സിനിമയിൽ സാങ്കേതിക മേന്മയ്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് മതിയായ സമയം ആവശ്യമായതിനാൽ പത്തൊൻപതാം നൂറ്റാണ്ടിൻെറ റിലീസ് കൃത്യമായി ഇപ്പോൾ അനൗൺസ് ചെയ്യുന്നില്ല .. ശ്രീ ഗോകുലം മുവീസ് നിർമ്മിക്കുന്ന ചിത്രം തിയേറ്റർ റിലീസ് തന്നെ ആയിരിക്കും..’- വിനയൻ കുറിച്ചു.

നിരവധി പ്രതിഭകൾ അണിനിരക്കുന്ന ചിത്രത്തിൽ സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Story highlights: Vinayan about Indrans in Pathonpatham Noottandu