‘നിങ്ങളെയോർത്ത് അഭിമാനമുണ്ട്, മടക്കം തല ഉയർത്തി തന്നെ’; വനിതാ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി വിരാട് കോലിയുടെ കുറിപ്പ്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പോരാട്ടം കാഴ്‌ചവെച്ചതിന് ശേഷമാണ് ഇന്ത്യൻ ടീം പുറത്തായത്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവിൽ 3 വിക്കറ്റിന് ദക്ഷിണാഫ്രിക്കയോട് തോറ്റ മത്സരത്തിൽ കടുത്ത പോരാട്ടമാണ് ഇന്ത്യൻ വനിതകൾ കാഴ്‌ച വെച്ചത്. ജയത്തോളം പോന്ന തോൽവി തന്നെയാണിതെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഒരേ പോലെ അഭിപ്രായപ്പെട്ടത്.
ഇപ്പോൾ മുൻ ഇന്ത്യൻ നായകനും ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ വിരാട് കോലിയാണ് വനിതാ ടീമിനെ പ്രശംസിച്ച് തന്റെ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. തലയുയര്‍ത്തിയാണ് ഇന്ത്യന്‍ ടീം മടങ്ങുന്നതെന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്. വനിതാ ടീമിനെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും കോലി കൂട്ടിച്ചേർത്തു.
”കപ്പുയര്‍ത്താന്‍ വന്ന ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്താവുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ വനിതാ ടീം മടങ്ങുന്നത് തലയുയര്‍ത്തിയാണ്. കഴിവിന്റെ പരാമാവധി നിങ്ങള്‍ ടൂര്‍ണമെന്റിന് നല്‍കി. അഭിമാനമുണ്ട് നിങ്ങളെയോര്‍ത്ത്” കോലി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
Read More: ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇന്നറിയാം…
അവസാന ഓവറിൽ 7 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്. ദീപ്‌തി ശര്‍മ്മയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ ദക്ഷിണാഫ്രിക്കൻ താരം ത്രിഷ റണ്ണൗട്ടായി. അടുത്ത രണ്ട് പന്തുകളിലും ഓരോ റൺ വീതം ദക്ഷിണാഫ്രിക്ക നേടിയപ്പോൾ അഞ്ചാം പന്താണ് കളിയുടെ ഫലത്തിൽ നിർണായകമായത്. മിഗ്‌നന്‍ ഡു പ്രീസ് അഞ്ചാം പന്തിൽ ക്യാച്ചില്‍ പുറത്തായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. അടുത്ത രണ്ട് പന്തുകളില്‍ സിംഗിളുകള്‍ നേടി ദക്ഷിണാഫ്രിക്ക സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു.
Story Highlights: Virat kohli about indian women’s cricket team