“കരയുന്നത് അവാർഡ് കിട്ടിയത് കൊണ്ടല്ല, മറിച്ച് ആളുകൾക്ക് വെളിച്ചം പകരാൻ കഴിഞ്ഞതിൽ”; വൈറലായി ഓസ്കർ വേദിയിലെ വിൽ സ്മിത്തിന്റെ വാക്കുകൾ- വിഡിയോ
ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് വിൽ സ്മിത്ത്. മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വിൽ സ്മിത്ത് ലോകത്താകമാനം ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടൻ കൂടിയാണ്. ഒടുവിൽ വിൽ സ്മിത്തിനുള്ള അംഗീകാരമായി ഓസ്കറും എത്തിയിരിക്കുകയാണ്. മുൻപ് പല തവണ നോമിനേറ്റ് ചെയ്യപ്പെട്ടിടുണ്ടെങ്കിലും ഇതാദ്യമായാണ് വിൽ സ്മിത്ത് അക്കാദമി അവാർഡ് നേടുന്നത്.
അർഹിക്കപ്പെട്ട അംഗീകാരം തന്നെയാണ് വിൽ സ്മിത്തിനെ തേടി എത്തിയിരിക്കുന്നത്. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയമാണ് വിൽ സ്മിത്തിനെ പുരസ്കാരത്തിനർഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ് വീനസ് വില്യംസ് എന്നിവരുടെ ജീവിതകഥ പറഞ്ഞ കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്തിന് അവാര്‍ഡ് ലഭിച്ചത്. ഇരുവരുടെയും പിതാവായ റിച്ചാര്‍ഡ് വില്യംസിനെയാണ് വില്‍ സ്മിത്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. വീനസ്-സെറീന സഹോദരിമാരെ ലോക ടെന്നീസിലെ മികച്ച വിജയങ്ങളിലേക്കെത്തിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് ഇരുവരുടെയും പിതാവായ റിച്ചാര്‍ഡ് വില്യംസ്.
ഓസ്കർ സ്വീകരിച്ച് വിൽ സ്മിത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുന്നത്. ”ഇതൊരു മനോഹരമായ നിമിഷമാണ്, ഒരു അവാര്‍ഡ് നേടിയതിലല്ല ഞാന്‍ കരയുന്നത്. ജനങ്ങളുടെ മേല്‍ വെളിച്ചമായി തിളങ്ങാനും വെളിച്ചം പകരാനും സാധിച്ചതിനാലാണ് കണ്ണുകൾ നിറയുന്നത്. കിംഗ് റിച്ചാര്‍ഡിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും വില്യംസ് കുടുംബത്തിനും നന്ദി” നിറകണ്ണുകളോടെ വിൽ സ്മിത്ത് പറഞ്ഞു.
നേരത്തെ ഭാര്യയെ പറ്റിയുള്ള ഓസ്കർ അവതാരകന്റെ പരാമർശത്തിൽ കടുത്ത ഭാഷയിൽ വിൽ സ്മിത്ത് പ്രതികരിച്ചിരുന്നു. ഇതിന് അക്കാദമിയോട് മാപ്പ് പറയാനും സ്മിത്ത് മറന്നില്ല. “സ്നേഹം ചിലപ്പോൾ നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. ഓസ്‌കാര്‍ അക്കാദമിയോടും എല്ലാ സഹപ്രവര്‍ത്തകരോടും ഞാൻ മാപ്പ് ചോദിക്കുന്നു. അക്കാദമി ഇനിയും എന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്ദി” വിൽ സ്മിത്ത് കൂട്ടിച്ചേർത്തു.
Story Highlights: Will Smith’s oscar speech