‘എനിക്കെതിരെ അയാൾ തുടർച്ചയായി സിക്സറുകൾ പായിച്ചു കൊണ്ടിരുന്നു’; ഗ്രൗണ്ടിൽ താൻ ഏറെ ഭയപ്പെട്ടിരുന്ന ഇന്ത്യൻ താരത്തെ പറ്റി ഷൊയൈബ് അക്തർ
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായിരുന്നു പാകിസ്ഥാന്റെ ഷൊയൈബ് അക്തർ. ഒരു കാലത്ത് അക്തറിന്റെ തീ പാറുന്ന പന്തുകൾ ഏതൊരു ബാറ്റ്സ്മാന്റെയും പേടി സ്വപ്നമായിരുന്നു. താരത്തിന്റെ പന്തുകൾക്ക് കൃത്യമായ മറുപടി കൊടുത്തിരുന്ന ബാറ്റ്സ്മാൻ ആയിരുന്നു ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം വീക്ഷിച്ചിരുന്നത്.
ഇപ്പോൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ താൻ ഏറെ ഭയപ്പെട്ടിരുന്ന ഇന്ത്യൻ താരത്തെ പറ്റി സംസാരിക്കുകയാണ് അക്തർ. എന്നാലത് അക്തറിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച വെച്ച സച്ചിനോ സേവാഗോ അല്ലെന്നുള്ളതാണ് കൗതുകം. മുൻ ഇന്ത്യൻ പേസ് ബൗളറായിരുന്ന ലക്ഷ്മിപതി ബാലാജിയാണ് താൻ പന്തെറിയാൻ ഭയന്നിരുന്ന ഇന്ത്യൻ താരമെന്നാണ് അക്തർ പറയുന്നത്. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങുമായി സ്പോർട്സ് കീട ലൈവിൽ സംസാരിക്കുമ്പോഴാണ് അക്തർ തന്റെ മനസ്സ് തുറന്നത്.
തങ്ങളുടെ ഐപിഎൽ ഓർമ്മകൾ പങ്കുവെച്ച് സംസാരിക്കവേയാണ് അക്തർ ബാലാജിയെ പറ്റി സംസാരിച്ചത്. ഐപിഎല്ലിൽ ആദ്യ ഹാട്രിക്ക് നേടിയതാരെണെന്നറിയാമോ എന്ന് അക്തർ ഹർഭജനോട് ചോദിച്ചു. ഹർഭജന്റെ ഉത്തരം തെറ്റിയപ്പോഴാണ് അക്തർ അത് ബാലാജിയാണെന്ന് പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിച്ച ബാലാജി പഞ്ചാബ് കിംഗ്സിന്റെ താരങ്ങളായിരുന്ന ഇര്ഫാന് പത്താന്, പിയൂഷ് ചൗള, വി ആര് വി സിംഗ് എന്നിവരെ പുറത്താക്കിയാണ് ഐപിഎല്ലിലെ ആദ്യ ഹാട്രിക്കിന് ഉടമയായത്.
ഇതിന് ശേഷമാണ് തനറെ കരിയറിൽ ഒരു ഘട്ടത്തിൽ താൻ ഏറെ ഭയപ്പെട്ടിരുന്നത് ബാലാജിക്കെതിരെ പന്തെറിയാനായിരുന്നുവെന്ന് അക്തർ പറഞ്ഞത്. “എനിക്കെതിരെ കളിക്കുന്നത് സച്ചിന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇന്ത്യന്‍ ടീമിലെ ആര്‍ക്കും എന്നെ നേരിടുന്നത് വലിയ വെല്ലുവിളി ആയിരുന്നു. പക്ഷെ ബാലാജി വാലറ്റത്ത് ഇറങ്ങി എനിക്കെതിരെ തുടര്‍ച്ചയായി സിക്സുകൾ പായിച്ചുകൊണ്ടിരുന്നു-അക്തര്‍ പറഞ്ഞു.
Read More: ഐപിഎല്ലിൽ ആദ്യ വിജയം നേടി ലഖ്നൗ; തകർത്തെറിഞ്ഞത് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെ
2004 ല്‍ ഇന്ത്യയുടെ പാക്കിസ്ഥാന് പര്യടനത്തിലായിരുന്നു ബാലാജിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടന്നത്. നിർണായകമായ അഞ്ചാം ഏകദിനത്തിൽ വാലറ്റത്ത് ബാലാജിയും ഇർഫാൻ പത്താനും കൂടി നടത്തിയ ആക്രമണമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അവസാന മത്സരം വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
Story Highlights: Akhtar about balaji