ഐപിഎല്ലിൽ ആദ്യ വിജയം നേടി ലഖ്‌നൗ; തകർത്തെറിഞ്ഞത് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെ

April 1, 2022

ഈ സീസണിൽ അരങ്ങേറ്റം കുറിച്ച ടീമാണ് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. അതിനാൽ തന്നെ ഒരു ജയം മറ്റേതൊരു ടീമിനെക്കാളുമേറെ നേടേണ്ടത് ലഖ്‌നൗവിന്റെ ആവശ്യം കൂടിയായിരുന്നു. തങ്ങളിൽ വിശ്വാസമർപ്പിച്ച ലക്ഷകണക്കിന് ആരാധകർക്ക് ഒരു വിജയം നൽകേണ്ടത് ലഖ്‌നൗവിന്റെ ഉത്തരവാദിത്തം കൂടിയായിരുന്നു. ആദ്യ മത്സരത്തിൽ അകന്ന് നിന്ന വിജയം ഇന്ന് മുൻ ചാമ്പ്യൻസ് കൂടിയായ ചെന്നൈ സൂപ്പർകിങ്സിനെ തകർത്തെറിഞ്ഞാണ് ലഖ്‌നൗ നേടിയത്.

അവിശ്വസനീയമായ ഒരു വിജയം തന്നെയാണ് ലഖ്‌നൗ നേടിയത്. 211 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ലഖ്‌നൗ ഒരു ഘട്ടത്തിൽ കളി പൂർണമായും കൈവിട്ടു എന്ന് കരുതിയതാണ്. എന്നാൽ അവിടുന്ന് ടീം നടത്തിയത് അതിഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തിരിച്ചു വരവാണ്. അവസാന നാലോവറില്‍ 56 റണ്‍സായിരുന്നു ലഖ്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനേഴാം ഓവറില്‍ 9 റണ്‍സടിച്ച ലഖ്നൗ ഡ്വയിന്‍ ബ്രാവോയുടെ പതിനെട്ടാം ഓവറില്‍ 12 റണ്‍സടിച്ചു. എന്നാല്‍ ശിവം ദുബെ എറിഞ്ഞ പത്തൊമ്പതാം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. ആ ഓവറിൽ 25 റണ്‍സടിച്ച് ലഖ്നൗ വിജയത്തിന് അടുത്തെത്തി. അവസാന ഓവറിലെ മൂന്നാം പന്ത് സിക്സിന് പറത്തിയാണ് യുവതാരം ആയുഷ് ബദോനി ലഖ്‌നൗവിന് വിജയം നേടിക്കൊടുത്തത്. 3 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റിനാണ് ലഖ്‌നൗവിന്റെ വിജയം.

അതേ സമയം റോബിൻ ഉത്തപ്പയുടെയും മൊയീൻ അലിയുടെയും ബാറ്റിംഗ് മികവാണ് ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഉത്തപ്പ 50 റൺസ് അടിച്ചെടുത്തപ്പോൾ മൊയീൻ അലി 35 റൺസാണ് ചെന്നൈക്ക് വേണ്ടി നേടിയത്.മുൻ ഇന്ത്യൻ താരം കൂടിയായ റോബിൻ ഉത്തപ്പ 27 പന്തിൽ നിന്നാണ് 50 റൺസ് അടിച്ചെടുത്തത്. 8 ബൗണ്ടറിയും 1 സിക്സും അടങ്ങുന്നതാണ് ഉത്തപ്പയുടെ അർധ സെഞ്ചുറി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ചെന്നൈ അടിച്ചു കൂട്ടിയത്.

Read More: സഞ്ജു സാംസൺ ലോകത്തെ ഏത് ഗ്രൗണ്ടിലും ബൗണ്ടറി നേടുമെന്ന് രവി ശാസ്ത്രി

നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ഈർപ്പത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് ടോസ് നേടിയിട്ടും ലഖ്‌നൗ ചെന്നൈയെ ബാറ്റിങ്ങിനയച്ചത്. ആ തീരുമാനത്തെ തീർത്തും ശരി വയ്ക്കുന്ന പ്രകടനമാണ് ലഖ്‌നൗ കാഴ്‌ചവെച്ചത്.

Story Highlights: Lukhnow massive win over csk