വിജയ്- നെൽസൺ കൂട്ടുകെട്ട്; ബീസ്റ്റ് പുതിയ ടീസർ എത്തി

April 12, 2022

ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ബീസ്റ്റ്.’ നാളെ മുതൽ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ‘ബീസ്റ്റിന്റെ’ ട്രെയ്‌ലർ റിലീസ് ചെയ്തത്. വമ്പൻ സ്വീകാര്യത നേടിയ ട്രെയ്‌ലർ മണിക്കൂറുകൾക്കുള്ളിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഇപ്പോഴിതാ അതേ സ്വീകാര്യത നേടിക്കഴിഞ്ഞു ചിത്രത്തിന്റെ പുതിയ ടീസറും. ബീസ്റ്റിന്റെ ലോകത്തിൽ നിന്നുമുള്ള ശബ്ദങ്ങൾ എന്ന അടിക്കുറുപ്പോടെയാണ് ടീസർ പുറത്തെത്തിയത്.

ബീസ്റ്റ്- ചിത്രത്തിലെ അറബിക് കുത്തു സോങ് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആസ്വാദകമനം കവർന്നിരുന്നു, തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡും ഈ ഗാനം സ്വന്തമാക്കിയിരുന്നു. പിന്നീട് ചിത്രത്തിലേതായി പുറത്തുവന്ന രണ്ടാമത്തെ ഗാനവും ആരാധകർ നെഞ്ചേറ്റി. അനിരുദ്ധിന്റെ സം​ഗീതത്തിൽ വിജയ് പാടിയ ​ഗാനമാണിത്. അങ്ങനെ ചിത്രത്തിലേതായി ഇതുവരെ പുറത്തുവന്ന ഗാനങ്ങളും വിഡിയോകളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇനി സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആസ്വാദകരും. തിയേറ്റർ റിലീസായാണ് നാളെ മുതൽ ചിത്രം എത്തുക.

Read also: ജനിച്ചയുടൻ അമ്മയിൽ നിന്നും അകറ്റപ്പെട്ടു; 38 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ടെത്തി മകൻ, ഹൃദയംതൊട്ട കൂടിച്ചേരൽ

കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകളെ വീണ്ടും ഇളക്കിമറിച്ച് വലിയ ഹിറ്റായ ‘ഡോക്ടർ’ എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസനാണ് ബീസ്റ്റും ഒരുക്കിയിരിക്കുന്നത്. വിജയ് നായകനായ ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് ബീസ്റ്റിലെ വിജയിയുടെ കഥാപാത്രം. വിജയ്-യുടെ കരിയറിലെ 65-മത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Story highlights: Beast latest teaser