ഇനി ജാതി ചോദിക്കുക തന്നെ വേണം; ആരോഗ്യഗുണത്തിൽ കേമനാണ് ജാതിക്ക

April 10, 2022

ജാതി ചോദിക്കരുതെന്ന് രസകരമായി പലരും പറയാറുണ്ട്. എന്നാൽ ജാതി ഇനി മുതൽ ചോദിക്കുക തന്നെ വേണം. പറഞ്ഞുവരുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ജാതിക്കയെക്കുറിച്ചാണ്. കാരണം ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ജാതിക്കയും ജാതിപത്രിയുമൊക്കെ. ദിവസവും ചെറിയ അളവില്‍ ജാതിക്ക ശരീരത്തിലെത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഉദര ആരോഗ്യത്തിന്. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ജാതിക്ക സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ ആഗീരണം ചെയ്യുന്നതിനും. ശരീരത്തില്‍ അനാവശ്യമായ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും ജാതിക്കയിലെ ഘടകങ്ങള്‍ സഹായിക്കുന്നു.

ഭക്ഷണത്തില്‍ അല്‍പം ജാതിക്ക പൊടിച്ചത് ചേര്‍ക്കാറുണ്ട് പലരും. ഇതൊരു നല്ല ശീലമാണ്. കാരണം, ഗ്യാസ്ട്രബിള്‍, വയറു കമ്പിക്കല്‍, ദഹനക്കേട്, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജാതിക്ക മികച്ച പരിഹാരമാണ്. ജാതിക്ക പൊടിച്ചത് അല്‍പം തേനില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഉദര സംബന്ധമായ അസ്വസ്ഥകള്‍ പരിഹരിക്കും. ശരീര ഭാരം കുറയ്ക്കാനും ജാതിക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും ജാതിക്ക സഹായിക്കുന്നു.

ആന്റി ഓക്‌സിഡന്റുകളും ജാതിക്കയില്‍ ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജം പകരുന്നതിനും ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും ജാതിക്കയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ സഹായിക്കുന്നു. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിയ്ക്കുന്നതിനാല്‍ പേശീ വേദന പോലുള്ള അസ്വസ്ഥതകള്‍ക്കും മികച്ച പരിഹാരമാണ് ജാതിക്ക.

Read also: സിനിമക്കായി സംഭാഷണങ്ങൾ എഴുതിയിട്ടുണ്ടോന്ന് ചോദിച്ചാൽ…; രസകരമായ മറുപടിയുമായി കെജിഎഫ് 2 താരം യാഷ്

ജാതിക്കയുടെ ഫ്‌ളേവര്‍ ഭക്ഷണത്തിന് രുചി പകരുന്നു. അതുകൊണ്ട് തന്നെ നോണ്‍വെജ് വിഭവങ്ങളിലും സാലഡുകളിലും കേക്കിലുമെല്ലാം ചെറിയൊരു അളവില്‍ ജാതിക്ക പൊടിച്ചത് ചേര്‍ക്കാം. എന്നാൽ ഇതും അമിതമാകാതെ സൂക്ഷിക്കണം. ജാതിപത്രി കുട്ടികളിലും മറ്റും ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ സഹായകമാണ്.

Story highlights: benefits of Nutmeg