സിനിമക്കായി സംഭാഷണങ്ങൾ എഴുതിയിട്ടുണ്ടോന്ന് ചോദിച്ചാൽ…; രസകരമായ മറുപടിയുമായി കെജിഎഫ് 2 താരം യാഷ്

April 10, 2022

ഈ വരുന്ന ഏപ്രിൽ 14 ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ കെജിഎഫ് 2 എത്തുകയാണ്. ഒരു പക്ഷെ ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം ഇന്ത്യ മുഴുവനുള്ള സിനിമാപ്രേമികൾ ഇത്രത്തോളം കാത്തിരുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. കൊവിഡ് മഹാമാരി കാരണം പല തവണ റിലീസ് മാറ്റി വെച്ച ചിത്രം ഒടുവിൽ ആരാധകർക്ക് ആവേശം നൽകി റിലീസിനെത്തുകയാണ്.

ഇന്ത്യ മുഴുവൻ ചിത്രം പ്രൊമേഷൻ ചെയ്യുന്ന തിരക്കിലാണ് ചിത്രത്തിലെ നായകൻ യാഷും മറ്റ് അണിയറ പ്രവർത്തകരും. കേരളത്തിലും കെജിഎഫ് 2 വിന്റെ പ്രമോഷനായി താരം എത്തിയിരുന്നു. ലുലു മാളിൽ നടന്ന ചടങ്ങിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഹിറ്റ് ഡയലോഗുകൾ പറഞ്ഞ് യാഷ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ, ടൊവിനോ എന്നിവരുമായി അടുത്ത സൗഹൃദമുണ്ടെന്നും യാഷ് പറഞ്ഞിരുന്നു.

ഇപ്പോൾ ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യാഷ് പറഞ്ഞ മറ്റൊരു കാര്യമാണ് വൈറലാവുന്നത്. കെജിഎഫ് 2 വിനായി സംഭാഷണങ്ങൾ എഴുതിയിരുന്നോ എന്ന ചോദ്യത്തിനാണ് യാഷ് മറുപടി പറഞ്ഞത്. ചിത്രത്തിന്റെ പല കഥാഭാഗങ്ങളെ പറ്റിയും കൂട്ടായ ചർച്ചകളുണ്ടായിരുന്നു. പല ആശയങ്ങളും ഡയലോഗുകളും സംവിധായകനായ പ്രശാന്ത് നീലിനോട് താൻ പങ്കുവെച്ചിരുന്നു. അതിൽ ചിലത് ഇപ്പോൾ സിനിമയിലുണ്ടെന്ന് മാത്രം. അത് കൊണ്ട് തന്നെ സംഭാഷണങ്ങൾ താൻ എഴുതിയെന്ന് പറയുന്നത് പൂർണമായും ശരിയല്ലെന്നും സംവിധായകൻ അങ്ങനെ ഒരു ക്രെഡിറ്റ് നൽകിയതേയുള്ളുവെന്നും യാഷ് കൂട്ടിച്ചേർത്തു.

Read More: ഒടുവിൽ റോക്കി ഭായിയും പറഞ്ഞു ‘ചാമ്പിക്കോ’; കൊച്ചിയെ ഇളക്കി മറിച്ച് യാഷിന്റെ മമ്മൂക്ക ഡയലോഗ്

കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. 2018 ഡിസംബറിലാണ് കെജിഎഫിന്റെ ആദ്യ ഭാഗം പ്രേക്ഷകരിലേക്കെത്തിയത്. പ്രശാന്ത് നീലാണ് കെജിഎഫ് 2 വിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീനിധി ഷെട്ടി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുമ്പോൾ ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് ആണ്.

Story Highlights: Yash about writing dialogues for kgf 2