ഒരോവറിൽ തുടർച്ചയായി 4 സിക്സറുകൾ പറത്തി യുവതാരം; ഡിവില്ലിയേഴ്സിന്റെ പിന്മുറക്കാരനെന്ന് ആരാധകർ-വിഡിയോ
ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് പൊരുതി തന്നെയാണ് തോറ്റത്. ആദ്യ മത്സരങ്ങളിൽ നിരാശ നിറഞ്ഞ പ്രകടനമാണ് മുംബൈ കാഴ്ചവെച്ചിരുന്നതെങ്കിലും പഞ്ചാബിനെതിരെ മികച്ച പോരാട്ടം പുറത്തെടുത്തതിന് ശേഷമാണ് മുംബൈ പരാജയം സമ്മതിച്ചത്. ഒരു ഘട്ടത്തിൽ മുംബൈ ജയത്തിലേക്കടുക്കുന്നു എന്ന് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു.
അതിൽ മുംബൈക്ക് വേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് ഡെവാൾഡ് ബ്രെവിസ്. 49 റൺസെടുത്ത ബ്രെവിസ് മികച്ച പ്രകടനമാണ് മുംബൈക്ക് വേണ്ടി പുറത്തെടുത്തത്. വെറും 18 വയസ്സ് മാത്രമുള്ള താരം കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. അതിന് ശേഷമാണ് ബ്രെവിസ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലേക്കെത്തിയത്.
ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും തകർത്തടിക്കുകയായിരുന്നു ബ്രെവിസ്. അതിൽ പഞ്ചാബ് സ്പിന്നറായ രാഹുൽ ചാഹറിന്റെ ഒരോവറിലെ പ്രകടനമാണ് ആരാധകർക്ക് ആവേശമാവുന്നത്. ഈ ഓവറിന്റെ വൈറൽ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
29 റൺസാണ് ഈ ഓവറിൽ ബ്രെവിസ് അടിച്ചു കൂട്ടിയത്. 4 സിക്സറുകളും ഒരു ബൗണ്ടറിയുമടങ്ങുന്നതാണ് താരത്തിന്റെ കൂറ്റനടി. ഓവറിലെ രണ്ടാമത്തെ പന്തിൽ സ്ട്രൈക്ക് ഏറ്റെടുത്ത ബ്രെവിസ് രാഹുൽ ചാഹറിനെ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി. പിന്നീടാണ് ബ്രെവിസിന്റെ യഥാർത്ഥ രൂപം പുറത്തു വന്നത്. പിന്നീടുള്ള 4 പന്തുകളിൽ തുടർച്ചയായ 4 സിക്സറുകളാണ് താരം നേടിയത്. മുംബൈ ആരാധകരെ വലിയ ആവേശത്തിലാക്കിയ ഒരു ഓവറായി അത് മാറുകയായിരുന്നു.
Baby AB has arrived.#babyAB #MIvsPBKS#dewaldbrevispic.twitter.com/LnVG4rH51U
— Sonuu Yaduvanshi (@yaadavsonuu) April 13, 2022
ഇന്ത്യയുടെ ഇതിഹാസ താരവും മുംബൈ ടീമിന്റെ മെന്ററും കൂടിയായ സച്ചിനും മുംബൈ നായകൻ രോഹിത് ശർമയും അടക്കമുള്ള താരങ്ങൾ ഡെവാൾഡ് ബ്രെവിസിനെ അഭിനന്ദിക്കാനായി മൈതാനത്തേക്കെത്തിയിരുന്നു. എന്നാൽ ഐപിഎല്ലിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരം എന്ന റെക്കോർഡ് ഒരു റണ്ണിനിപ്പുറത്താണ് ബ്രെവിസിന് നഷ്ടമായത്.
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ബ്രെവിസ് കാഴ്ചവെയ്ക്കുന്നത്. എ ബി ഡിവില്ലിയേഴ്സിന്റെ പിന്മുറക്കാരനാണ് ബ്രെവിസെന്നാണ് ആരാധകർ പറയുന്നത്.
Story Highlights: Dewald brevis hits 4 sixes in an over against punjab kings