ആരാധകരുടെ ഹൃദയം കവർന്ന് പൊള്ളാർഡ്; റണ്ണൗട്ടിന് കാരണക്കാരനായ സൂര്യകുമാർ യാദവിനെ ആശ്വസിപ്പിക്കുന്ന വിഡിയോ വൈറലാവുന്നു

April 14, 2022

ഇന്നലത്തെ തോൽവിയോടെ തുടർച്ചയായ അഞ്ചാം തവണയാണ് മുംബൈ ഇന്ത്യൻസ് പരാജയം രുചിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ ജയിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷ നൽകിയതിന് ശേഷമാണ് മുംബൈ പഞ്ചാബിനോട് അടിയറവ് പറഞ്ഞത്. ഈ സീസണിൽ ഒരു ജയം പോലും നേടാത്ത ഒരേയൊരു ടീമും മുംബൈയാണ്.

ഇന്നലത്തെ തോൽ‌വിയിൽ കടുത്ത നിരാശരാണെങ്കിലും മുംബൈ ഇന്നിംഗ്സിനിടയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്. മുംബൈ വിജയത്തിലേക്ക് കുതിക്കുന്നുവെന്ന് പ്രതീക്ഷ നൽകിയ ഒരു കൂട്ടുകെട്ട് ആയിരുന്നു സൂര്യകുമാർ-പൊള്ളാർഡ് കൂട്ടുകെട്ട്. എന്നാൽ പൊള്ളാർഡ് റണ്ണൗട്ട് ആയതോട് കൂടി മുംബൈയുടെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.

സൂര്യകുമാറിന് സംഭവിച്ച ഒരു പിഴയാണ് പൊള്ളാർഡിന്റെ റണ്ണൗട്ടിന് കാരണമായത്. ഇതിൽ വിഷമിച്ച് ഗ്രൗണ്ടിൽ തളർന്നിരുന്ന താരത്തെ റണ്ണൗട്ട് ആയ പൊള്ളാർഡ് ആശ്വസിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. മത്സരം പിന്നെയും മുന്നോട്ട് കൊണ്ട് പോകാൻ സൂര്യകുമാറിന് ആത്മവിശ്വാസം നൽകാനാണ് പൊള്ളാർഡ് അങ്ങനെ ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. ശേഷം മത്സരത്തിൽ സൂര്യകുമാർ മികച്ച പ്രകടനം തന്നെയാണ് മുംബൈക്ക് വേണ്ടി കാഴ്‌ചവെച്ചത്.

Read More: ‘സൂപ്പർമാൻ’ റായുഡു; വൈറലായി അമ്പാട്ടി റായുഡുവിന്റെ ക്യാച്ച്-വിഡിയോ

അതേ സമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ 12 റൺസിന്റെ വിജയമാണ് പഞ്ചാബ് നേടിയത്.

ഡിവാള്‍ഡ് ബ്രേവിസും സൂര്യകുമാർ യാദവും മുംബൈക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇരുവർക്കും ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. പഞ്ചാബിനായി 4 വിക്കറ്റെടുത്ത ഒഡെയ്ന്‍ സ്മിത്താണ് മുംബൈ ബാറ്റിങ് നിരയെ തകർത്തത്.

Story Highlights: Pollard consoles sooryakumar yadav after run out