‘ഹയ്യ ഹയ്യ..’; ആവേശമാവാൻ ഖത്തർ ലോകകപ്പ് ഗാനമെത്തി; ഒരുമിച്ച് നിൽക്കണം എന്ന് സന്ദേശം
ലോകമെങ്ങുമുള്ള ഫുടബോൾ ആരാധകർ നവംബർ ആവാൻ കാത്തിരിക്കുകയാണ്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പിന് പന്തുരുളുന്നത്. ഖത്തറിലാണ് ഈ വർഷത്തെ ലോകകപ്പ് നടക്കുന്നത്. ഇപ്പോൾ ആരാധകർക്ക് വലിയ ആവേശമായി ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തു വന്നിരിക്കുകയാണ്. ഫിഫ തന്നെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
”ഹയ്യ ഹയ്യ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുഎസ് പോപ്പ് താരം ട്രിനിഡാഡ് കാർഡോണ, നൈജീരിയൻ ആഫ്രോ ബീറ്റ്സ് ഗായകൻ ഡേവിഡോ, ഖത്തറി ഗായിക ഐഷ തുടങ്ങിയവർ ചേർന്നാണ്. ഒരുമിച്ച് നിൽക്കണമെന്നാണ് ഗാനത്തിന്റെ സന്ദേശം. ഗാനം റിലീസ് ചെയ്തപ്പോൾ തന്നെ ലോകമെങ്ങുമുള്ള ഫുടബോൾ ആരാധകർ അതേറ്റെടുത്തു കഴിഞ്ഞു. ‘ല ഈബ്’ എന്നാണ് ഖത്തർ ലോകകപ്പിലെ ഭാഗ്യചിഹ്നത്തിന്റെ പേര്.
നേരത്തെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പും പൂർത്തിയായിരുന്നു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വേഡോറിനെ നേരിടും. മരണ ഗ്രൂപ്പുകളൊന്നും ഇല്ല എന്നതാണ് ഇത്തവണത്തെ ഗ്രൂപ്പുകളുടെ പ്രത്യേകത. കഴിഞ്ഞ ലോകകപ്പിന് ശേഷം അന്തരിച്ച ഇതിഹാസ താരങ്ങളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ലോകകപ്പിന്റെ നറുക്കെടുപ്പ്. ഗോർഡൺ ബാങ്ക്സ്, ഡീഗോ മറഡോണ, പൗളോ റോസി, ഡെർഡ് മുള്ളർ എന്നിവരെയാണ് ചടങ്ങിൽ അനുസ്മരിച്ചത്. നവംബർ 21 ന് തുടങ്ങുന്ന ലോകകപ്പ് ഡിസംബർ 18 നാണ് അവസാനിക്കുന്നത്.
Read More: ‘എമ്പുരാൻ’ എന്ന് വരുമെന്ന് ചോദ്യം; പ്രേക്ഷകരെ ആവേശം കൊള്ളിച്ച പൃഥ്വിരാജിന്റെ മറുപടി
ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച നാൾ മുതൽ ആവേശത്തോടെയാണ് ഖത്തർ അതിന് വേണ്ടി ഒരുങ്ങിയിരുന്നത്. വലിയ തയ്യാറെടുപ്പുകൾ വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്ന ഖത്തറിന് കൊവിഡ് ഒമിക്രോൺ ഭീഷണികൾ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ച ദിവസം എല്ലാ ആശങ്കകളും മാറുകയായിരുന്നു.
ടിക്കറ്റ് വിൽപന ആരംഭിച്ച ആദ്യദിനം 12 ലക്ഷത്തോളം അപേക്ഷകൾ ഓൺലൈനിലൂടെ ലഭിച്ചു. ഖത്തറിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടായപ്പോൾ, അപേക്ഷകരുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ അര്ജന്റീനയാണ്. ഓൺലൈൻ ടിക്കറ്റിനായി അപേക്ഷിച്ചവരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.
Story Highlights: Fifa worldcup official song