‘എമ്പുരാൻ’ എന്ന് വരുമെന്ന് ചോദ്യം; പ്രേക്ഷകരെ ആവേശം കൊള്ളിച്ച പൃഥ്വിരാജിന്റെ മറുപടി

April 2, 2022

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ അഭിനയിച്ച ലൂസിഫർ. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്ന് നേരത്തെ തന്നെ സംവിധായകനും നിർമാതാക്കളും പ്രഖ്യാപിച്ചിരുന്നു. ‘എമ്പുരാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പക്ഷെ കൊവിഡ് കാരണം നീണ്ട് പോവുകയായിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് എമ്പുരാന്റെ ഓരോ വാർത്തയ്ക്കായും കാത്തിരുന്നത്.

ഇപ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് പൃഥ്വിരാജ് ആ വാർത്ത പുറത്തു വിട്ടത്. എമ്പുരാന്റെ തിരക്കഥ പൂർത്തിയായെന്നും അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് തുടങ്ങുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ‘ജനഗണമന’ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടയിലാണ് പൃഥ്വിരാജ് പ്രേക്ഷകരെ ആവേശം കൊള്ളിച്ച പ്രഖ്യാപനം നടത്തിയത്.

എന്നാൽ അതിന് മുൻപ് ആടുജീവിതം പൂർത്തിയാക്കേണ്ടതുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ആടുജീവിതത്തിനായി താൻ അടുത്ത ദിവസം തന്നെ അൾജീരിയയ്ക്ക് പോവുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ വാർത്തയും വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

Read More: ‘ഒന്നിച്ചുള്ള മധുര പതിനേഴ്..’- വിവാഹവാർഷികം ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും

2019-ൽ തിയേറ്ററുകളിലെത്തിയ ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ്. 250 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തെലുങ്ക് റീമക്ക് അണിയറയിൽ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെഗാ താരം ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ മോഹൻലാൽ ചെയ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഗോഡ്ഫാദർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായ ദിവസം മുതൽ മലയാളി പ്രേക്ഷകരും വളരെ ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ലൂസിഫറിന്റെ റീമേക്കിൽ അഭിനയിക്കുന്നുണ്ടെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

Story Highlights: Prithviraj about empuraan