രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തുമെന്ന് ഹർഭജൻ സിംഗ്..
കഴിഞ്ഞ സീസണിലെ ചാംപ്യൻസായ ചെന്നൈക്ക് ഈ സീസണിൽ തുടക്കം മുതൽ പ്രശ്നങ്ങളാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെടാനായിരുന്നു ചെന്നൈയുടെ വിധി. ചെന്നൈയുടെ മുൻ നായകൻ ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതാണ് പരാജയങ്ങൾക്ക് കാരണമെന്നാണ് ഒരു പക്ഷം ആരാധകരുടെ അഭിപ്രായം. എന്നാൽ അങ്ങനെയല്ലെന്ന് വാദിക്കുന്ന ആരാധകരുമുണ്ട്. പക്ഷെ ചെന്നൈക്ക് കഴിഞ്ഞ സീസണിലെ ഫോം കണ്ടെത്താൻ കഴിയുന്നില്ലെന്ന കാര്യത്തിൽ തർക്കമില്ല.
ഇപ്പോൾ ചെന്നൈക്ക് വീണ്ടും വിജയിക്കാൻ രണ്ട് കാര്യങ്ങൾ ടീമിൽ സംഭവിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് അഭിപ്രായപ്പെടുന്നത്. ഇത് സംഭവിച്ചാൽ ചെന്നൈ വീണ്ടും വിജയിച്ച് തുടങ്ങുമെന്നാണ് താരം പറയുന്നത്. പേസർ ദീപക് ചാഹറിന്റെ അസാന്നിധ്യമാണ് ആദ്യത്തെ പ്രശ്നമെന്നാണ് ഹർഭജൻ പറയുന്നത്. ആദ്യ ഓവറുകളിൽ എതിർ ടീമിന്റെ വിക്കറ്റുകൾ എടുക്കാൻ ശേഷിയുള്ള ചാഹറിനെ പോലുള്ള ഒരു ബൗളറുടെ അസാന്നിധ്യം ചെന്നൈ ബൗളിങ്ങിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ചാഹർ ടീമിൽ തിരിച്ചെത്തുന്നതോടെ ആ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാവുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
മധ്യ ഓവറുകളിൽ റൺ നിരക്ക് കുറയ്ക്കാനും വിക്കറ്റുകൾ വീഴ്ത്താനും കഴിയുന്ന ഒരു സ്പിന്നറില്ലാത്തതും ചെന്നൈ ടീമിന് തലവേദനയാണ്. ഋതുരാജ് ഗെയ്‌ക്‌വാദ് പെട്ടെന്ന് പുറത്താകുന്നതും മറ്റൊരു പ്രശ്നമാണെന്നാണ് ഹർഭജൻ പറയുന്നത്. ഇത് കാരണം ചെന്നൈക്ക് ശക്തമായ ഒരു ഓപ്പണിങ് സഖ്യമില്ലാതെ പോകുന്നു. ഇതിന് പരിഹാരമായാൽ വരുന്ന മത്സരങ്ങളിൽ ചെന്നൈ അത്ഭുതം കാട്ടുമെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു.
Read More: വിജയത്തേരോട്ടം തുടർന്ന് ഗുജറാത്ത്; നേടിയത് അവിശ്വസനീയമായ വിജയം
‘രണ്ട് പ്രധാന പ്രശ്നങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുള്ളത്. ആദ്യ ആറ് ഓവറുകളില്‍ തുടക്കത്തിലേ വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള ദീപക് ചാഹറിനെ പോലൊരു ബൗളറില്ല. പവര്‍പ്ലേയ്‌ക്ക് ശേഷം 7-15 ഓവറുകളില്‍ വിക്കറ്റ് വേട്ടക്കാരായ സ്‌പിന്നര്‍മാരുമില്ല. ഋതുരാജ് ഗെയ്‌ക്‌വാദ് വേഗത്തില്‍ പുറത്താകുന്നു. അതിനാല്‍ ശക്തമായ ഓപ്പണിംഗ് സഖ്യമില്ല. അതിനാലാണ് ചെന്നൈ മൂന്ന് മത്സരങ്ങളും തോറ്റത്. എന്നാല്‍ ഇനി വിജയങ്ങളോടെ ചെന്നൈ തിരിച്ചെത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല’- ഹർഭജൻ സിംഗ് പറഞ്ഞു.
Story Highlights: Harbhajan about CSK