റിലീസിന് ഒരുങ്ങി ‘അടി കപ്യാരെ കൂട്ടമണി’ തമിഴ് റീമേക്ക്- ശ്രദ്ധനേടി ട്രെയ്ലർ

ക്യാമ്പസ് ചിത്രങ്ങളുടെ പതിവുശൈലിയിൽ നിന്നും മാറിസഞ്ചരിച്ച ചിത്രമായിരുന്നു ധ്യാൻ ശ്രീനിവാസൻ-നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ‘അടി കപ്യാരെ കൂട്ടമണി’. 2015-ലെ ഹിറ്റുകളിൽ ഒന്നായിരുന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. നടൻ അശോക് സെൽവൻ നായകനാകുന്ന ‘ഹോസ്റ്റൽ’ ഏപ്രിൽ 28 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്ലർ എത്തി. മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്താതെ വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ചിത്രം എത്തുന്നത്.
സുമന്ത് രാധാകൃഷ്ണൻ സംവിധാനം ചെയ്ത ‘ഹോസ്റ്റൽ’ എന്ന ചിത്രത്തിൽ അശോക് സെൽവൻ, പ്രിയ ഭവാനി ശങ്കർ, ആർ രവീന്ദ്രൻ, സതീഷ്, നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബോബോ ശശിയും ഛായാഗ്രഹണം പ്രവീണുമാണ് നിർവ്വഹിച്ചിരിക്കുന്നത്. മുകേഷ് അവതരിപ്പിച്ച വൈദികന്റെ വേഷത്തിൽ നാസർ ആണ് എത്തുന്നത്.
ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘അടി കപ്യാരെ കൂട്ടമണി’. തിരക്കഥ ഒരുക്കിയത് അഭിലാഷ് എസ് നായർ ആണ്. കോമഡിയും ഹൊററും സമന്വയിപ്പിച്ച് ഒരുക്കിയ ഈ ചിത്രം ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടു. കൂടാതെ ഒരു തുടർച്ചയുടെ സൂചന നൽകിയാണ് ചിത്രം അവസാനിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി അടുത്തിടെ അജു വർഗീസും സൂചന നൽകിയിരുന്നു.
Read Also: കോടികൾ വാഗ്ദാനം ചെയ്തിട്ടും പരസ്യചിത്രത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ- കൈയടിച്ച് ആരാധകർ
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, നമിത പ്രമോദ്, നീരജ് മാധവ്, ദേവി അജിത്, ബിജുക്കുട്ടൻ, റോഷൻ മാത്യു, വത്സല മേനോൻ എന്നിവരടങ്ങുന്ന പ്രതിഭാധനരായ താരങ്ങളുടെ സംഗമമായിരുന്നു ‘അടി കപ്യാരെ കൂട്ടമണി’.
Story highlights- horror comedy ‘Hostel’ trailer