ട്രെയിൻ സവാരിക്കിറങ്ങിയ കുതിരയും പുലിവാലുപിടിച്ച ഉടമയും; സോഷ്യൽ ഇടങ്ങളിൽ ചർച്ചയായ ചിത്രത്തിന് പിന്നാലെ ഉടമയ്‌ക്കെതിരെ നടപടിയെടുത്ത് റെയിൽവേ

April 11, 2022

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വലിയ രീതിയിൽ പ്രചരിക്കപ്പെട്ട ഒരു ചിത്രമാണ് ആളുകൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു കുതിരയുടെ ചിത്രം. ഫോട്ടോ വൈറലായതോടെ ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും വലിയ രീതിയിൽ തുടങ്ങിയിരുന്നു. കാരണം റെയിൽവേ ആക്റ്റ് പ്രകാരം പാസഞ്ചർ കമ്പാർട്ടുമെന്റുകളില്‍ മൃഗങ്ങൾക്ക് യാത്ര ചെയ്യാനുള്ള അനുമതിയില്ല. ഇതിനായി പ്രത്യേക ബുക്കിങ്ങും മറ്റും ആവശ്യമാണ്. എന്നാൽ ഇതൊന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം ഒരാൽ കുതിരയുമായി ട്രെയിനിൽ യാത്ര ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് EMU ലോക്കൽ ട്രെയിനിലെ കമ്പാർട്ടുമെന്റിൽ യാത്രക്കാർക്കിടയിൽ ഒരാൾ കുതിരയുമായി യാത്രയ്ക്ക് എത്തിയത്. ഗഫൂർ അലി മൊല്ല എന്ന 40 -കാരൻ തന്റെ കുതിരയെയും ട്രെയിനിൽ കയറ്റി ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരമാണ് യാത്ര ചെയ്തത്. മാധ്യമപ്രവർത്തകയായ പൂജ മേത്ത ട്വിറ്ററിലൂടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. തുടർന്ന് റെയിൽവേ ഇതേക്കുറിച്ചുള്ള അന്വേഷങ്ങളും തുടങ്ങി.

ഈസ്റ്റേൺ റെയിൽവേ നടത്തിയ അന്വേഷണത്തിന് ശേഷം ആർപിഎഫ് അധികൃതർ ഗഫൂർ അലി മൊല്ലയെ പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലോക്കൽ പൊലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പാസഞ്ചർ കമ്പാർട്ടുമെന്റുകളില്‍ മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതിനായി പ്രത്യേകം ബുക്ക് ചെയ്യണം. അതുകൊണ്ടുതന്നെ റെയിൽവേ ആക്ട് പ്രകാരം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read also: സ്ത്രീകൾക്ക് കാറ്ററിങ് ജോലി പറ്റുമോ..? ചോദ്യങ്ങളെ മനക്കരുത്തുകൊണ്ട് നേരിട്ട ഒരമ്മ കാണിച്ചുതരുന്നത്…

അതേസമയം ഇത്തരം പ്രവർത്തികൾ വലിയ അപകടം പിടിച്ചതാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് ആവശ്യവുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ കൗതുകം നിറഞ്ഞ ഒരു സംഭവമായി പരിഗണിച്ച് കമന്റുകൾ പങ്കുവയ്ക്കുന്നവരും ഏറെയുണ്ട്.

Story highlights; Horse traveling on the train