തുടർച്ചയായ അഞ്ചാം ജയം നേടി ഹൈദരാബാദ്; കനത്ത പരാജയം നേരിട്ട് ബാംഗ്ലൂർ
വമ്പൻ വിജയമാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നേടിയത്. ഒൻപത് വിക്കറ്റിനാണ് ഹൈദരാബാദ് ആർസിബിയെ തകർത്തെറിഞ്ഞത്. ആർസിബിയുടെ ഇന്നിങ്സ് 16.1 ഓവറിൽ 69 റൺസിലൊതുങ്ങിയപ്പോൾ വെറും 8 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യം നേടി. 28 പന്തിൽ 47 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിനെ വേഗത്തിൽ ലക്ഷ്യത്തിലെത്തിച്ചത്.
വമ്പൻ വിജയത്തോടെ റൺ റേറ്റ് മെച്ചപ്പെടുത്തി ഹൈദരാബാദ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് തുടങ്ങിയ ഹൈദരാബാദിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്.
നേരത്തെ വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റിട്ട ടി നടരാജനും 25 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റിട്ട മാർകോ ജാൻസനുമാണ് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ കണക്ക് കൂട്ടലുകൾ മുഴുവൻ പിഴച്ചത് ഈ ബൗളർമാർക്ക് മുന്നിലായിരുന്നു.
തുടക്കം മുതൽ തന്നെ ബാംഗ്ലൂരിന്റെ തകർച്ച ആരംഭിച്ചിരുന്നു. മാര്‍ക്കോ ജാന്‍സന്റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ക്ലീന്‍ ബൗള്‍ഡായി. കഴിഞ്ഞ മത്സരത്തിൽ ഡക്കിന് പുറത്തായ മുൻ നായകൻ വിരാട് കോലിക്ക് ഈ മത്സരത്തിലും വിധി മറ്റൊന്നായിരുന്നില്ല. തുടർച്ചയായ രണ്ട് മത്സരങ്ങളിലാണ് കോലി റണ്ണൊന്നും എടുക്കാതെ പുറത്താകുന്നത്. അതേ ഓവറിലെ അവസാന പന്തില്‍ അനുജ് റാവത്തിനെ കൂടി മടക്കി ജാന്സന് ബാംഗ്ലൂരിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടിരുന്നു.
പിന്നീടാണ് നടരാജന്റെ രംഗപ്രവേശം. 12 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലിനെ ഹൈദരാബാദ് നായകൻ കെയ്ന്‍ വില്യംസണിന്റെ കൈകളിലെത്തിച്ച നടരാജൻ ഹര്‍ഷല്‍ പട്ടേലിനെയും വാനിന്ദു ഹസരങ്കയെയും കൂടി പവലിയനിലേക്ക് മടക്കിയാണ് ബാംഗ്ലൂരിന്റെ തകർച്ച പൂർത്തിയാക്കിയത്.
ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയത്.
Story Highlights: Hyderabad huge win against rcb