തനി തമിഴ് ‘മാപ്പിള’യായി ചെന്നൈ സൂപ്പർ കിങ്‌സ് താരം കോൺവേ; പ്രീ വെഡ്ഡിങ് പാർട്ടിയിൽ തമിഴ് സ്റ്റൈലിൽ ‘തല’ ധോണിയും

April 20, 2022

തനി തമിഴ് സ്റ്റൈലിൽ നടന്ന ഒരു പ്രീ വെഡ്ഡിങ് പാർട്ടിയിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്ന ന്യൂസിലൻഡ് ക്രിക്കറ്റ് താരം ഡെവോൺ കോൺവേയുടെ പ്രീ വെഡ്ഡിങ് പാർട്ടിയോട് അനുബന്ധിച്ചു നടന്ന ഫോട്ടോ ഷൂട്ടാണ് ആരാധകരുടെ ഇടയിൽ തരംഗമാവുന്നത്.

തമിഴ് ശൈലിയിൽ വെള്ള ഫുൾകൈ ഷർട്ടും വെള്ള മുണ്ടുമാണ് കോൺവേ ധരിച്ചിരുന്നത്. കോൺവേയുടെ പങ്കാളിയായ കിം വാട്സൺ മഞ്ഞ സാരിയുടുത്താണ് പാർട്ടിയിൽ പങ്കെടുത്തത്.

കോൺവേയുടെ പാർട്ടിയിൽ നിരവധി സിഎസ്കെ താരങ്ങൾ പങ്കെടുത്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയനായത് ചെന്നൈയുടെ സ്വന്തം ‘തല’ ധോണി തന്നെയായിരുന്നു. കുർത്തയും മുണ്ടും ധരിച്ച് തനത് തമിഴ് സ്റ്റൈലിലാണ് ആരാധകരുടെ ‘തല’ കോൺവേയുടെ പാർട്ടിക്ക് എത്തിയത്. മോയിൻ അലി, ഋതുരാജ് ഗെയ്ക്‌വാദ് എന്നീ താരങ്ങളും ഇതേ വേഷത്തിലാണ് എത്തിയത്.

ഇവർക്ക് പുറമെ ചെന്നൈ നായകൻ രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശിവം ദുബെ തുടങ്ങിയ ചെന്നൈ താരങ്ങളും ഒപ്പം ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലെമിങും ചടങ്ങിന് എത്തിയിരുന്നു. പ്രീ വെഡ്ഡിങ് പാർട്ടിക്കെത്തിയ താരങ്ങളൊക്കെ ഡെവോൺ കോൺവേയ്ക്കും പങ്കാളി കിം വാട്സണും ആശംസകൾ അർപ്പിച്ചാണ് മടങ്ങിയത്. ചടങ്ങിന് ശേഷം ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ചെന്നൈ സൂപ്പർ കിങ്‌സ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Read More: ‘അടുത്ത ടി 20 ലോകകപ്പിൽ കളിക്കണം’; ആഗ്രഹം പരസ്യമാക്കി ദിനേശ് കാർത്തിക്

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളുടെ ഇടയിൽ നിലനിൽക്കുന്നത് ഹൃദ്യമായ സൗഹൃദമാണ് എന്ന് ഇതിന് മുൻപും പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ഒരു കുടുംബം പോലെയാണ് ചെന്നൈ ടീമെന്ന് പല താരങ്ങളും ഇതിന് മുൻപും അഭിപ്രായപ്പെട്ടിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് തനിക്ക് കുടുംബ വീട് പോലെയാണെന്നാണ് പുതിയ നായകനായി ചുമതലയേറ്റ രവീന്ദ്ര ജഡേജ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്.

Story Highlights: Devon Conway’s pre-wedding party photo shoot goes viral