പട്ടിണി സഹിക്കാൻ കഴിയാത്ത ബാല്യം, കുടുംബത്തെ കര കയറ്റുമെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക്..; ഡൽഹി ക്യാപിറ്റൽസ് താരം റോവ്മാന്‍ പവലിന്‍റെ അവിശ്വസനീയ ജീവിതം- വിഡിയോ

April 29, 2022

കൊൽക്കത്തയ്‌ക്കെതിരെയുള്ള ഇന്നലത്തെ ഐപിഎൽ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റോവ്മാന്‍ പവൽ ഡൽഹിക്ക് വേണ്ടി തിളങ്ങുന്നത്. ഐപിഎല്ലിൽ തുടർച്ചയായി മികച്ച പ്രകടനമാണ് പവൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കടുത്ത ദാരിദ്യത്തിൽ നിന്നും ലോകമറിയുന്ന ക്രിക്കറ്റ് താരമായി വളർന്ന പവലിന്റെ ജീവിതം കഷ്ടപ്പാടുകളിലൂടെ കടന്ന് പോകുന്ന മനുഷ്യർക്ക് വലിയ പ്രചോദനമാണ്.

ഇപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരം ഇയാൻ ബിഷപ്പ് പവലിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവരുന്നത്. തീർത്തും ദാരിദ്ര്യം നിറഞ്ഞ സാഹചര്യങ്ങളിലാണ് റോവ്മാന്‍ പവൽ വളർന്നത്. കഷ്ടപ്പാടുകളിലൂടെ വളർന്ന് ഇന്ന് ഐപിഎല്ലിലെയും ലോക ക്രിക്കറ്റിലെയും ഉയരങ്ങൾ കീഴടക്കുന്ന പവൽ മഹത്തായ ജീവിതമാണ് നയിക്കുന്നതെന്നാണ് ഇയാൻ ബിഷപ്പ് പറയുന്നത്.

‘തീർത്തും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽനിന്നാണ് പവലിന്റെ വരവ്. ചെറുപ്പകാലത്ത് പട്ടിണി സഹിക്കാൻ വയ്യാതായപ്പോൾ കുടുംബത്തെ അതിൽനിന്ന് കരകയറ്റുമെന്ന് സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ അമ്മയ്ക്ക് വാക്കുകൊടുത്ത ബാല്യമാണ് അവന്റേത്. ആ സ്വപ്നമാണ് പവൽ ഇപ്പോൾ ജീവിക്കുന്നത്. മഹത്തായ ജീവിതമാണ് അവന്റേത്’ – ഇയാൻ ബിഷപ്പ് പറഞ്ഞു.

ജമൈക്കയിലാണ് പവൽ ജനിച്ചു വളർന്നത്. അമ്മയും ഇളയസഹോദരിയും ഉൾപ്പെടുന്ന പവലിന്റെ ബാല്യം മുഴുവൻ ദാരിദ്യ്രവും കഷ്ടപ്പാടുകളുമായിരുന്നു. കരീബിയൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട് 2020 ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് പവലിന്റെ പ്രോചോദിപ്പിക്കുന്ന ജീവിത കഥ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

Read More: “ചിത്രത്തിനായി മാരക വെയ്റ്റിങ്ങിലാണെന്ന് പൃഥ്വിരാജിനോട് പറഞ്ഞിരുന്നു..”; തന്റെ ഇഷ്‌ട ചിത്രത്തെ പറ്റി കെജിഎഫ് നായിക ശ്രീനിധി ഷെട്ടി

അതേ സമയം 16 പന്തിൽ 33 റൺസ് നേടിയ റോവ്മാന്‍ പവലിന്‍റെയും 4 വിക്കറ്റിട്ട കുൽദീപ് യാദവിന്റെയും കരുത്തിലാണ് കൊൽക്കത്തയ്‌ക്കെതിരെ ഡൽഹി ഇന്നലെ തകർപ്പൻ വിജയം നേടിയത്. 19 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിലാണ് കൊൽക്കത്ത ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഡൽഹി മറികടന്നത്. ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത കുൽദീപ് കൊൽക്കത്തയുടെ വിലപ്പെട്ട 4 വിക്കറ്റുകളാണ് പിഴുതത്.

Story Highlights: Inspiring life of rovman powell