ഞാനോ അതോ അവളോ?- ചിരിപടർത്തി ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ പ്രൊമോ

April 24, 2022

വിഘ്‌നേഷ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സംവിധാനത്തിനും രചനയ്ക്കും പുറമെ, റൗഡി പിക്‌ചേഴ്‌സിന്റെയും സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ നയൻതാര, എസ്.എസ്. ലളിത് കുമാർ എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമ്മാതാവായും വിഘ്‌നേഷ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോ വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

മക്കൾ സെൽവൻ എന്ന് ആരാധകർ വിളിക്കുന്ന നടൻ വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാംബോ എന്ന ‘രഞ്ജൻകുടി അൻബരസു മുരുഗേശ ബൂപതി ഒഹൂന്ധിരൻ’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

നായികമാരായി നയൻതാരയും സാമന്ത റൂത്ത് പ്രഭുവും യഥാക്രമം കൺമണി ഗാംഗുലിയായും ഖദീജയായും അഭിനയിക്കുന്നു. 2020ൽ റിലീസ് ചെയ്ത ജാനു എന്ന ചിത്രത്തിന് ശേഷം മുഴുനീള വേഷത്തിൽ സാമന്ത എത്തുന്ന ചിത്രം കൂടിയാണിത്.

അതേസമയം, ചിത്രത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, മുഹമ്മദ് മോബി, പ്രഭു, കലാ മാസ്റ്റർ, എം. ഇദയകല, സീമ, റെഡിൻ കിംഗ്സ്ലി അർനോൾഡ്, ലോലു സഭാ മാരൻ, മാസ്റ്റർ ഭാർഗവ് സുന്ദർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രത്തിന്റെ തിയേറ്റർ റിലീസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സാമന്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 2022 ഏപ്രിൽ 28 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. തിയേറ്റർ വിതരണാവകാശം റെഡ് ജയന്റ് മൂവീസാണ് സ്വന്തമാക്കിയിരിക്കുന്നത്.

Read Also: മൂന്ന് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ തുണയ്ക്ക് ആരുമില്ല; ജയിലിലായ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ എത്തിച്ച് പൊലീസ്

അതേസമയം, ഗോഡ്, ലയൺ, ഗോഡ്ഫാദർ, കണക്റ്റ്, പേരിടാത്ത ജിഎസ് വിഘ്‌നേഷിന്റെ സിനിമ എന്നിവയുൾപ്പെടെ നിരവധി വലിയ ചിത്രങ്ങളാണ് നയന്താരയുടേതായി ഈ വർഷം അണിയറയിൽ ഒരുങ്ങുന്നത്.

Story highlights- Kaathuvaakula Rendu Kadhal Promo