ശക്തമായ കഥാപാത്രമായി കീർത്തി സുരേഷ്; അതിശയിപ്പിക്കുന്ന അഭിനയ മികവ്, ശ്രദ്ധനേടി ‘സാനി കൈദം’ ട്രെയ്‌ലർ

April 22, 2022

ലഭിക്കുന്ന കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളിയായ കീർത്തി മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തെന്നിന്ത്യയിൽ തിരക്കേറിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘സാനി കൈദം’ എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ട്രെയ്‌ലറിൽ പ്രതികാരം ചെയ്യാനെത്തുന്ന ശക്തമായ സ്ത്രീയെയാണ് കീർത്തി അവതരിപ്പിക്കുന്നത്.

സംവിധായകൻ സെല്‍വരാഘവന്‍ നായകനാവുന്ന ചിത്രത്തിൽ വ്യത്യസ്തമായ ലുക്കിലാണ് കീർത്തി സുരേഷും സെല്‍വരാഘവനും പ്രത്യക്ഷപ്പെടുന്നത്. പൊന്നി എന്നാണ് ചിത്രത്തിലെ കീർത്തിയുടെ കഥാപാത്രത്തിന്റെ പേര്. 1980 ൽ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.

അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. തമിഴിൽ രജനീകാന്തിനൊപ്പമുള്ള അണ്ണാത്തെയാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ മഹേഷ് ബാബു ചിത്രമാണ് തെലുങ്കിൽ താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്. ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.

Read also: മൂന്ന് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ തുണയ്ക്ക് ആരുമില്ല; ജയിലിലായ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ എത്തിച്ച് പൊലീസ്

കീര്‍ത്തി സുരേഷ് നായികയാകുന്ന മലയാളം ചിത്രം ‘വാശി’യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കീർത്തി സുരേഷും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. വിഷ്ണു ജി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഭാഷകയായാണ് താരം എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷും ടൊവിനോ തോമസും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് വാശി.

Read also: ശുദ്ധജലക്ഷാമം പരിഹരിക്കാൻ വായുവിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കുന്ന ടവർ- ദിവസവും 100 ലിറ്റർ വരെ വെള്ളം, പരീക്ഷണം ഹിറ്റ്

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.

Story highlights: Keerthy Suresh starring Saani Kaayidham Teaser