ബാംഗ്ലൂർ താരങ്ങൾക്കായി കെജിഎഫ് പ്രത്യേക പ്രദർശനം; കയ്യടിച്ചും വിസിലടിച്ചും താരങ്ങൾ

April 21, 2022

കെജിഎഫ് 2 ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം രചിക്കുകയാണ്. ഒരാഴ്‌ചയായി തുടരുന്ന ചിത്രത്തിന്റെ തേരോട്ടത്തിൽ പല ബോക്സോഫീസ് റെക്കോർഡുകളും തകരുകയാണ്. ഒറ്റ ചിത്രം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി കന്നഡ താരം യാഷ് മാറിയിരിക്കുന്നു.

ഇപ്പോൾ കെജിഎഫുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാവുന്നത്. ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങൾക്ക് വേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നിരിക്കുകയാണ്. ബയോ ബബിളിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നത്. വലിയ ആവേശത്തോടെയാണ് താരങ്ങൾ ചിത്രം കണ്ടത്. കയ്യടിയുടെയും വിസിലടിയുടെയും അകമ്പടിയോടെയാണ് താരങ്ങൾ ചിത്രം കണ്ടത്.

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ആർസിബി നായകൻ ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്‌സ്‌വെൽ ആർസിബിയുടെ കോച്ചായ സഞ്ജയ് ബംഗാർ അടക്കമുള്ളവർ പ്രദർശനത്തിനെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് താരങ്ങൾ ചിത്രത്തെ പറ്റി പങ്കുവെച്ചത്.

നേരത്തെ കെജിഎഫ് ട്രെയ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആർസിബി താരങ്ങൾ അണിനിരന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അതേ സമയം ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതി കൊണ്ടിരിക്കുകയാണ് ‘കെജിഎഫ് 2.’ എല്ലാ ഭാഷകളിലും എക്കാലത്തെയും മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ വിവിധ ഭാഷാപതിപ്പുകൾ. ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചാണ് ‘കെജിഎഫ് 2’ പ്രദർശനം തുടരുന്നത്. പല ബോക്‌സോഫിസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. വെറും നാല് ദിവസം കൊണ്ട് ചിത്രം 500 കോടിയാണ് ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്.

Read More: ഇതിപ്പോ മുഴുവൻ കൺഫ്യൂഷനായല്ലോ..; വേദിയെ പൊട്ടിച്ചിരിപ്പിച്ച് ദേവന കുട്ടിയും ജഡ്‌ജസും

ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2.

Story highlights: Kgf 2 special screening for rcb players