വലിയ സ്കോർ നേടാൻ കഴിയാതെ ലഖ്നൗ; പഞ്ചാബിന് 154 റൺസ് വിജയലക്ഷ്യം
പഞ്ചാബ് കിങ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. ക്വിന്റണ്‍ ഡീ കോക്ക് അടിച്ചു കൂട്ടിയ 46 റൺസിന്റെയും ദീപക് ഹൂഡയുടെ 34 റൺസിന്റെയും കരുത്തിലാണ് ലഖ്നൗ ഭേദപ്പെട്ട സ്കോർ അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 13 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തിട്ടുണ്ട്.
പഞ്ചാബ് കിങ്സിനായി കാഗിസോ റബാഡ നാലും രാഹുല്‍ ചാഹര്‍ രണ്ടും വിക്കറ്റെടുത്തു. ലഖ്നൗവിന് തുടക്കം മുതൽ തന്നെ കാര്യങ്ങൾ കൈ വിട്ട് പോയിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വെറും 6 റൺസ് മാത്രമെടുത്ത് പവലിയനിലേക്ക് മടങ്ങി. റബാഡക്കായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ദീപക് ഹൂഡയും ഡീ കോക്കും ചേര്‍ന്ന് 85 റണ്‍സ് കൂട്ടുകെട്ടിലൂടെ ലഖ്നൗവിന്റെ സ്കോറിങ് വേഗത്തിലാക്കി. പതിമൂന്നാം ഓവറില്‍ ഡീ കോക്കിനെ സന്ദീപ് ശര്‍മ പുറത്താക്കുകയും തൊട്ടടുത്ത ഓവറില്‍ ഹൂഡ റണ്ണൗട്ടാവുകയും ചെയ്തതോടെ ലഖ്നൗവിന്റെ അവസ്ഥ വീണ്ടും പരുങ്ങലിലായി.
ബൗളർമാരുടെ മികവിലാണ് പഞ്ചാബ് ലഖ്നൗവിനെ വലിയ സ്കോർ നേടുന്നതിൽ നിന്ന് തടഞ്ഞു നിർത്തിയത്. പഞ്ചാബ് കിങ്സിനായി റബാഡ നാലോവറില്‍ 38 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയും നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത അര്‍ഷദീപ് സിംഗും മികച്ച ബൗളിംഗ് പ്രകടനം തന്നെയാണ് പഞ്ചാബിനായി കാഴ്ചവെച്ചത്.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇന്നിറങ്ങിയത്. ഇന്നിറങ്ങിയ അതേ ടീം തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ മികച്ച വിജയം നേടിയത്.
എന്നാൽ ഒരു മാറ്റത്തോടെയാണ് ലഖ്നൗ ടീം ഇന്നിറങ്ങിയത്. മനീഷ് പാണ്ഡെക്ക് പകരം പേസര്‍ ആവേശ് ഖാന് ടീമില്‍ തിരിച്ചെത്തി.
Story Highlights: Lucknow low scoring against punjab