തിരിച്ചടിച്ച് വിജയം സ്വന്തമാക്കി ലഖ്‌നൗ; പഞ്ചാബിനെതിരെ ജയം 20 റൺസിന്
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ 20 റൺസിന്റെ മിന്നുന്ന ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാതെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ഇന്നത്തെ ജയത്തോടെ 9 കളികളിൽ നിന്ന് 12 പോയിന്റ് നേടിയ കെ എൽ രാഹുലിന്റെ ലഖ്‌നൗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.
നേരത്തെ പഞ്ചാബ് കിങ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്. ക്വിന്‍റണ്‍ ഡീ കോക്ക് അടിച്ചു കൂട്ടിയ 46 റൺസിന്റെയും ദീപക് ഹൂഡയുടെ 34 റൺസിന്റെയും കരുത്തിലാണ് ലഖ്‌നൗ ഭേദപ്പെട്ട സ്‌കോർ അടിച്ചെടുത്തത്.
പഞ്ചാബ് കിങ്സിനായി കാഗിസോ റബാഡ നാലും രാഹുല്‍ ചാഹര്‍ രണ്ടും വിക്കറ്റെടുത്തു. ലഖ്‌നൗവിന് തുടക്കം മുതൽ തന്നെ കാര്യങ്ങൾ കൈ വിട്ട് പോയിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വെറും 6 റൺസ് മാത്രമെടുത്ത് പവലിയനിലേക്ക് മടങ്ങി. റബാഡക്കായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ദീപക് ഹൂഡയും ഡീ കോക്കും ചേര്‍ന്ന് 85 റണ്‍സ് കൂട്ടുകെട്ടിലൂടെ ലഖ്നൗവിന്റെ സ്കോറിങ് വേഗത്തിലാക്കി. പഞ്ചാബ് കിങ്സിനായി റബാഡ നാലോവറില്‍ 38 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇന്നിറങ്ങിയത്. എന്നാൽ ഒരു മാറ്റത്തോടെയാണ് ലഖ്‌നൗ ടീം ഇന്നിറങ്ങിയത്. മനീഷ് പാണ്ഡെക്ക് പകരം പേസര്‍ ആവേശ് ഖാന്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു.
Story Highlights: Lukcknow won by 20 runs against punjab