‘രാധേ, രാധേ വസന്ത രാധേ..’- വേറിട്ട അനുഭവം സമ്മാനിച്ച് മഹാവീര്യറിലെ ഗാനം

April 16, 2022

നിവിൻ പോളിയും ആസിഫ് അലിയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക് എത്തി. ‘രാധേ, രാധേ വസന്ത രാധേ..’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് എത്തിയത്.

കന്നഡ നടി ഷാൻവി ശ്രീയാണ് നായിക. ലാൽ, സിദ്ധിഖ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഇരുവരും മുൻപ് ഒന്നിച്ച് അഭിനയിച്ചിരുന്നു. എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ 10 വർഷത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്.

അടുത്തിടെ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ടൈം ട്രാവൽ- ഫാന്റസി വിഭാഗത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസറും ആകാംക്ഷയുണർത്തുന്നതാണ്. മലയാളത്തിൽ ആദ്യമായാണ് ഈ വിഭാഗത്തിൽ ഒരു ചിത്രമൊരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമാണ് ആസിഫ് അലി എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ഭാഗമായത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നു.

Read Also: ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സയനോര- ശ്രദ്ധനേടി ഗായികയുടെ വിഷു ചിത്രങ്ങൾ

നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. അതേസമയം, സിബി മലയിലിന്റെ ‘കൊത്ത്’, ജിബു ജേക്കബിന്റെ ‘എല്ലാം ശെരിയാവും’ എന്നിവയുടെ ചിത്രീകരണവും ആസിഫ് പൂർത്തിയാക്കിയിരുന്നു. രണ്ടു ചിത്രങ്ങളിലും രാഷ്ട്രീയ പ്രവർത്തകനായാണ് ആസിഫ് അലി വേഷമിടുന്നത്. അതോടൊപ്പം, അജയ് വാസുദേവ് ഒരുക്കുന്ന അടുത്ത സിനിമയായ നാലാം തൂണിലും നായകൻ ആസിഫ് അലിയാണ്.

Story highlights- mahaveeryar radhe radhe song