ഹോട്ടൽ മാനേജ്മെന്റ് പൂർത്തിയാക്കി, കോട്ടും സ്യൂട്ടുമണിഞ്ഞ് തെരുവിൽ തട്ടുകട നടത്തി യുവാവ്; മാതൃകയാണ് ഈ 22 കാരൻ
മികച്ച മാർക്കോടെ പഠനം പൂർത്തിയാക്കിയിട്ടും നല്ലൊരു തൊഴിലവസരം ലഭിക്കാതെ നിരാശപ്പെട്ടിരിക്കുന്ന നിരവധിപ്പേർ നമുക്കിടയിലുണ്ട്. അത്തരക്കാരിക്കിടയിൽ മാതൃകയാകുകയാണ് പഞ്ചാബിലെ പട്യാല സ്വദേശി മൻജീന്ദർ സിങ്. ഉയർന്ന മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയതാണ് മൻജീന്ദർ. പഠനത്തിന് ശേഷം തനിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ അന്വേഷിച്ച് തുടങ്ങിയ ഈ 22 കാരന് നിരാശയായിരുന്നു ഫലം. തൊഴിലവസരങ്ങൾ ധാരാളം ഉണ്ടെങ്കിലും വരുമാനം അതിന് അനുയോജ്യമല്ലെന്ന് തോന്നിയതോടെ സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു മൻജീന്ദർ.
എന്ത് ബിസിനസ്..? എങ്ങനെ നടത്തും..? തുടങ്ങിയ ചോദ്യങ്ങൾ ആദ്യം ഉയർന്നെങ്കിലും തെരുവിൽ സ്നാക്സുകൾ ഉണ്ടാക്കി വിൽക്കുന്ന ഒരു ചെറിയ തട്ടുകട എന്ന ആശയത്തിലേക്ക് മൻജീന്ദർ എത്തുകയായിരുന്നു. സഹോദരനൊപ്പമാണ് മൻജീന്ദർ ഈ ബിസിനസ് ആരംഭിച്ചത്.
ബിസിനസിന്റെ തുടക്കിൽ സ്റ്റാളിനും അവശ്യസാധനങ്ങൾക്കുമായി രണ്ടര ലക്ഷത്തോളം രൂപ ഇരുവരും ചേർന്ന് ചിലവഴിച്ചു. അങ്ങനെ സ്ട്രീറ്റ് ഐറ്റംസുമായി മൻജീന്ദർ സഹോദരനൊപ്പം ചേർന്ന് ബിസിനസ് തുടങ്ങി. ബിസിനസ് ഉയർന്ന് വന്നതോടെ സ്റ്റാളിൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിനായി നാലോളം ആളുകളും ഇപ്പോഴിവിടെയുണ്ട്. ഐ ലവ് പഞ്ചാബ് എന്ന പേരിൽ തുടങ്ങിയ സ്റ്റാളിലേക്ക് ആളുകൾ എത്തുന്നതിന് പിന്നിൽ വേറെയുമുണ്ട് കാരണങ്ങൾ.
ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ജീവനക്കാരെപ്പോലെ വസ്ത്രം അണിഞ്ഞാണ് മൻജീന്ദർ ഹോട്ടലിൽ എത്തുന്നത്. ഇത്തരത്തിൽ വസ്ത്രം ധരിച്ച് തെരുവിൽ കച്ചവടം നടത്തുന്ന മൻജീന്ദറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇതും ഒരു വൈറ്റ് കോളർ ജോലിയാണെന്നാണ് വിഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നതും, പഠനത്തിന് ശേഷം ജോലി ലഭിക്കാതെ നിൽക്കുന്നവർക്ക് മുഴുവൻ സ്വന്തമായി ഒരു ബിസിനസ് നടത്തി ജീവിതത്തിൽ വിജയം കണ്ടെത്താൻ പ്രചോദനം നൽകുക കൂടിയാണ് മൻജീന്ദർ എന്ന ഇരുപത്തിരണ്ടുകാരൻ.
#NDTVBeeps | 22-Year-Old Sells Gol Gappe, Chaat Wearing A Business Suit pic.twitter.com/f6VlT1dMrA
— NDTV (@ndtv) April 6, 2022
Story highlights: Man sells street food with professional look