“മുന്തിരി ചേലുള്ള പെണ്ണേ ഖൽബില്…”; മനം കവരുന്ന ആലാപന മികവുമായി പാട്ട് വേദിയിൽ ശ്രീഹരിയും മിയക്കുട്ടിയും
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞ് പാട്ടുകാർക്ക് ആരാധകരേറെയാണ്. മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിൽ വേദിയുടെ മനം കവർന്ന ആലാപന മികവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരായ ശ്രീഹരിയും മിയകുട്ടിയും. ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലെ ‘മുന്തിരിചേലുള്ള പെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായകർ വേദിയിൽ പാടിയത്. വിദ്യാസാഗർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് യൂസഫലി കേച്ചേരിയാണ്. ബിജു നാരായണനും സുജാതയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങുംമുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക. അതേ പോലെ തന്നെ ഹൃദ്യമായ ആലാപന മികവുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ കൊച്ചു ഗായകനാണ് ശ്രീഹരി. ഇരുവരും ഒരുമിച്ച ഗാനം പ്രേക്ഷകർക്ക് ഹൃദ്യമായ ഒരു നിമിഷമാണ് സമ്മാനിച്ചത്.
പ്രേക്ഷകർക്ക് മറക്കാനാവാത്ത അമൂല്യ നിമിഷങ്ങളാണ് പലപ്പോഴും ടോപ് സിംഗർ വേദിയിൽ അരങ്ങേറാറുള്ളത്. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Miya and sreehari performance