“തുമ്പി തുമ്പി, തുള്ളാൻ വായോ…”; പ്രേക്ഷകരുടെ മനസ്സ് നിറച്ച ആലാപനവുമായി വീണ്ടും മിയക്കുട്ടി
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങുംമുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.
പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറച്ച മറ്റൊരു പാട്ടുമായാണ് ഇപ്പോൾ മിയക്കുട്ടി വീണ്ടും വേദിയിലെത്തിയിരിക്കുന്നത്. 1977-ൽ പുറത്തിറങ്ങിയ ‘അപരാധി’ എന്ന ചിത്രത്തിലെ “തുമ്പി, തുമ്പി തുള്ളാൻ വായോ…” എന്ന ഗാനവുമായാണ് മിയക്കുട്ടി വേദിയിലെത്തിയത്. പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സലീൽ ചൗധരിയാണ്. ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് അമ്പിളി രാജശേഖരനും സുജാതയും ചേർന്നാണ്.
ഇപ്പോൾ പാട്ട് വേദിയിൽ അതിമനോഹരമായി ഈ ഗാനം ആലപിച്ചാണ് മിയക്കുട്ടി പ്രേക്ഷകരുടെ മനം കവർന്നത്.
Story Highlights: Miya singing