ഗാനഗന്ധർവ്വൻ യേശുദാസിന്റെയും എസ് പി ബാലസുബ്രമണ്യത്തിന്റെയും വ്യത്യസ്തമായ ഭക്ഷണ ശീലങ്ങളെ പറ്റി ഗായിക കെ എസ് ചിത്ര ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ

March 31, 2022

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെ എസ് ചിത്രയാണ് അറിവിന്റെ വേദിയിൽ അതിഥിയായി എത്തിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര പിന്നണി ഗായകരിലൊരാളാണ് ചിത്ര.

സ്വന്തം ജീവിതത്തിലെ ഒട്ടേറെ രസകരമായ അനുഭവങ്ങൾ ചിത്ര ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ പങ്കുവെച്ചിരുന്നു. അതിൽ പ്രേക്ഷകർ കൗതുകത്തോടെ കേട്ടിരുന്ന ഒന്നായിരുന്നു ഗാനഗന്ധർവൻ യേശുദാസിന്റെ ഭക്ഷണ ശീലങ്ങളെ പറ്റി ചിത്ര പറഞ്ഞ കാര്യങ്ങൾ. യേശുദാസ് ഭക്ഷണ കാര്യത്തിൽ വലിയ ചിട്ടകൾ പാലിക്കുന്ന ആളാണെന്നും പല ഭക്ഷണങ്ങളും അദ്ദേഹം പൂർണമായും ഉപേക്ഷിച്ചിട്ടുണ്ടെന്നും ചിത്ര പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോൾ പല ഭക്ഷണങ്ങളും അദ്ദേഹം തന്നെ കഴിക്കാൻ അനുവദിക്കാറില്ലെന്നും ചിത്ര തമാശയായി പറഞ്ഞപ്പോൾ അറിവിന്റെ വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Read More: ‘വന്ദനം മുനിനന്ദനാ ….’ – ആർദ്രമായി പാടി ഹൃദയം കവർന്ന് ദേവനന്ദ

അതേ സമയം ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ഇതിന് നേർ വിപരീതമായ ശീലങ്ങൾ ഉള്ള ആളാണെന്നും ചിത്ര കൂട്ടിച്ചേർത്തു. അദ്ദേഹം സസ്യാഹാരിയാണെങ്കിലും തണുത്ത ഭക്ഷണങ്ങൾ നന്നായി കഴിക്കാറുണ്ടെന്നും ചിത്ര പറഞ്ഞു. കടുത്ത ശീലങ്ങളിലൂടെ ഒരുപാട് അച്ചടക്കങ്ങൾ പാലിച്ച് ജീവിക്കാതെ ഇടക്കൊക്കെ ജീവിതത്തിൽ ആസ്വദിക്കുന്ന കാര്യങ്ങളും ചെയ്യാൻ തന്നോട് അദ്ദേഹം പറയുമായിരുന്നെന്നും കെ എസ് ചിത്ര പറഞ്ഞു.

Story Highlights: Chithra about yesudas and s p balasubrahmanyam