വീണ്ടും നിർമാതാവിന്റെ കുപ്പായമണിയാൻ നിവിൻ പോളി; ‘ഡിയർ സ്റ്റുഡന്റസ്’ ഒരുങ്ങുന്നു

April 1, 2022

നിവിൻ പോളി നിർമാതാവായി എത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ‘ഡിയർ സ്റ്റുഡന്റസ്’ എന്ന പേരിലെത്തുന്ന ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പൊളി നിർമിക്കുന്നു. നവാഗതരായ സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സ്കൂൾ, കോളേജ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടൈറ്റിൽ പോസ്റ്റർ‌ നൽകുന്ന സൂചന.

നായകനെ സംബന്ധിച്ചുള്ള സൂചനകൾ ഇല്ല. നിവിൻ പോളിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചത്. സ്നേഹത്തിന്റെയും ചിരിയുടെയും വിനോദത്തിന്റെയും ഊർജ്വസ്വലമായ ഒരു യാത്രയ്ക്ക് തയ്യാറാകൂ എന്ന കുറിപ്പിനൊപ്പമാണ് നിവിൻ പോളി ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചത്.

ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് നിവിൻ പോളി നിര്മാണരംഗത്തേക്ക് എത്തിയത്. പിന്നാലെ നിരവധി ചിത്രങ്ങൾക്ക് താരം ചുക്കാൻ പിടിച്ചു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളും നിർമിച്ചിരുന്നു. മഹാവീര്യർ, താരം, ​ഗാങ്ങ്സ്റ്റർ ഓഫ് മുണ്ടൻമല, ശേഖര വർമ രാജാവ് എന്നീ ചിത്രങ്ങളും നിവിന്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്നിവയാണ് നിവിൻ പോളിയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. 1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തെക്കുറിച്ചാണ് തുറമുഖം പറയുന്നത്. പടവെട്ടിന്റെ പ്രമേയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് നിവിൻ അഭിനയ ലോകത്തേക്ക് എത്തിയത്. 

Read Also: 83- ആം വയസിൽ സൈക്കിൾ സവാരിക്കിറങ്ങിയ ‘അമ്മ. ചിത്രങ്ങൾ പങ്കുവെച്ച് ചലച്ചിത്രതാരം

 ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് കഥാപാത്രത്തിലൂടെയാണ് നിവിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഹിറ്റായതോടെ നിവിൻ പോളിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രേമം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളും നിവിന്റെ കരിയറിലെ നാഴികക്കല്ലുകളാണ്.

Story highlights- nivin pauly new movie as producer