അമ്മ ഡിസൈൻ ചെയ്തു, മകൾ അണിഞ്ഞൊരുങ്ങി; ശ്രദ്ധനേടി പ്രാർത്ഥന ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ

April 3, 2022

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ കുടുംബമാണ് ചലച്ചിത്രതാരം ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത് സുകുമാരനേയും പൂർണിമ ഇന്ദ്രജിത്തിനേയും പോലെത്തന്നെ കുട്ടികളായ നക്ഷത്രയും പ്രാർത്ഥനയ്ക്കും വരെയുണ്ട് ആരാധകർ. ‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത്- പൂർണ്ണിമ താര ജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്.

അതേസമയം പാട്ടിന് പുറമെ വെസ്റ്റേൺ ഡാൻസിന് ചുവട് വെയ്ക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അമ്മ ഒരുക്കിയ സാരിയിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രാർത്ഥനയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്കൂളിലെ ഫെയർ വെല്ലിന് പോകാൻ വേണ്ടിയാണ് പ്രാർത്ഥന സാരി ഉടുത്തിരിക്കുന്നത്. പൂർണിമയുടെ ഫാഷൻ ലേബലായ പൂർണയിൽ നിന്നുള്ളതാണ് ഈ ചുവപ്പ് സാരി. മിനിമലിസ്റ്റിക് ആയിട്ടുള്ള ആഭരണങ്ങളും മേക്കപ്പും അണിഞ്ഞ പ്രാർത്ഥനയുടെ കൈയിൽ ചുവപ്പ് നിറത്തിലുള്ള ഒരു ഹാൻഡ് ബാഗും ഉണ്ട്.

പാട്ടും നൃത്തവുമൊക്കെയായി തിളങ്ങുന്ന പ്രാർത്ഥന സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് പ്രാർത്ഥനയ്ക്ക്. അച്ഛനെയും അമ്മയേയും പോലെ നിരവധി ആരാധകരുള്ള ഒരു കുഞ്ഞ് സെലിബ്രിറ്റിയായി കഴിഞ്ഞു പ്രാർത്ഥനയും.

ലോക്ക് ഡൗൺ സമയത്ത് സ്‌കൂളിൽ പോകാൻ സാധിക്കാത്ത സങ്കടത്തിലായിരുന്നു പ്രാർത്ഥനയും നക്ഷത്രയും. അതേസമയം, ഫ്ളാറ്റിലെ മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് ഇവർ വിവിധ ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി വിറ്റ് ഓൺലൈൻ പഠനത്തിന് അവസരമില്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ വാങ്ങി നൽകി മാതൃകയായിരുന്നു.

Story highlights: Prarthana Indrajit saree looks goes viral