ഗോവയിലെ ആ രാത്രിയും ജിഞ്ചർ ഹോട്ടലും ഒരിക്കലും മറക്കില്ല- ഭയപ്പെടുത്തിയ അനുഭവം പങ്കുവെച്ച് നടി പ്രിയങ്ക നായർ

April 18, 2022

മോഡലിംഗ് രംഗത്തുനിന്നും അവതാരകയായി എത്തി അഭിനയ ലോകത്ത് പ്രതിഭ തെളിയിച്ച താരമാണ് പ്രിയങ്ക നായർ. ഭൂമി മലയാളം, വിലാപങ്ങൾക്കപ്പുറം, ജലം തുടങ്ങിയ നിരൂപകപ്രശംസ നേടിയ ഒട്ടേറെ സിനിമകളിലൂടെ പ്രിയങ്ക വെള്ളിത്തിരയിൽ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ, വെയിൽ എന്ന തമിഴ് ചിത്രമാണ് പ്രിയങ്കയ്ക്ക് ശ്രദ്ധനേടികൊടുത്തത്.

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയലോകത്ത് സജീവമാകുകയാണ് നടി. ഒട്ടേറെ ചിത്രങ്ങളിൽ ഇതിനോടകം പ്രിയങ്ക വേഷമിട്ടുകഴിഞ്ഞു. അനുഭവങ്ങൾ പങ്കുവെച്ച് അറിവിന്റെ വേദിയായ ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ എത്തിയപ്പോഴും പ്രിയങ്കയ്ക്ക് പങ്കുവയ്ക്കാനുള്ള വിജയഗാഥകളാണ്. എന്നാൽ, ഒരിക്കലുണ്ടായ ഭയപ്പെടുത്തുന്ന അനുഭവം പ്രേക്ഷകർക്കായി നടി പങ്കുവയ്ക്കുകയാണ്.

മൂന്നുവർഷങ്ങൾക്ക് മുൻപ് ഐഎഫ്എഫ്ഐ ഫിലിം ഫെസ്റ്റിവൽ ഗോവയിൽ നടക്കുമ്പോൾ പങ്കെടുക്കാനായി പോയിരുന്നു പ്രിയങ്ക നായർ. അവസാനനിമിഷമാണ് പോകാം എന്ന് തീരുമാനിച്ചത്. അങ്ങനെ ഒരു ആപ്പിലൂടെ ലഭ്യമായ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തു. അതെ ആപ്പിലൂടെ തന്നെ വാഹനവും ബുക്ക് ചെയ്തു. ഫ്ലൈറ്റിൽ അവിടെ ചെന്നിറങ്ങിയപ്പോൾ വന്നത് മറ്റൊരു നമ്പറിലുള്ള വാഹനമാണ്. ഡ്രൈവറിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയും വാഹനത്തിലുണ്ട്. നമ്പർ മാറിയതുകണ്ടപ്പോൾ തന്നെ സംശയം തോന്നിയെങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാതെ വണ്ടിയിൽ കയറി.

Read Also: ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സയനോര- ശ്രദ്ധനേടി ഗായികയുടെ വിഷു ചിത്രങ്ങൾ

ഗോവയിലെ ജിഞ്ചർ എന്ന ഹോട്ടലിലാണ് ബുക്ക് ചെയ്തിരുന്നത്. പോകുന്നതെല്ലാം ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ.. മാപ്പിൽ കാണിക്കുന്ന വഴികളിൽ നിന്നും മാറിയാണ് വണ്ടി സഞ്ചരിക്കുന്നത്. എന്താണ് ഇത് എന്ന് ചോദിച്ചപ്പോൾ യഥാർത്ഥ വഴിയിൽ പണി നടക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ആകെ പേടിയായി എങ്കിലും ധൈര്യം സംഭരിച്ച് ഇരുന്നതായി നടി പറയുന്നു. ഒടുവിൽ ഹോട്ടൽ എന്ന് പറഞ്ഞ് കൊണ്ടുചെന്നു നിർത്തിയത് ടാർപോളിൻ വലിച്ചുകെട്ടിയ ഒരു കെട്ടിടത്തിന് മുന്നിൽ. ഇറങ്ങിയോടിയ നടി വഴിയിൽ കണ്ടവരോടെല്ലാം ഇതാണോ ജിഞ്ചർ ഹോട്ടൽ എന്ന് ചോദിച്ചു. അപ്പോൾ അതെ എന്ന മറുപടിയും വന്നു. ഒടുവിൽ ഗതികെട്ട തിരികെ ഇവിടേക്ക് എത്തിയപോഴാണ് നടിക്ക് തന്റെ അമളി പിടികിട്ടിയത്. എന്തായാലും പിന്നീട് ഒറ്റയ്ക്ക് രാത്രിയിൽ പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ പോകുന്നത് അവസാനിപ്പിച്ചു എന്നാണ് പ്രിയങ്ക പറയുന്നത്.

Story highlights- priyanka nair about goa experience