അവസാന ഓവറുകളിൽ തകർത്തടിച്ച പഞ്ചാബിന് മികച്ച സ്കോർ…
മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച സ്‌കോറിൽ. 20 ഓവർ അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് പഞ്ചാബ് അടിച്ചു കൂട്ടിയത്. 27 പന്തിൽ നിന്ന് 64 റൺസെടുത്ത ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറർ.
ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ 3 വിക്കറ്റെടുത്തപ്പോൾ ദർശൻ നൽക്കണ്ടേ രണ്ടും ഹർദിക് പാണ്ഡ്യ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഗുജറാത്ത് ബൗളർമാർക്ക് മുൻപിൽ പഞ്ചാബ് ബാറ്റ്‌സ്മാന്മാർ തുടക്കത്തിൽ പതറുന്നത് തന്നെയാണ് കണ്ടത്. രണ്ടാം ഓവറിൽ തന്നെ പഞ്ചാബിന് ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ നഷ്ടമായി. എന്നാൽ ലിയാം ലിവിങ്സ്റ്റണിലൂടെയും ശിഖർ ധവാനിലൂടെയും പഞ്ചാബ് താളം കണ്ടെത്തുകയായിരുന്നു. അവസാന ഓവറുകളിൽ മിന്നുന്ന പ്രകടനമാണ് പഞ്ചാബിന്റെ വാലറ്റക്കാർ പുറത്തെടുത്തത്. ഇതോടെ പഞ്ചാബ് മികച്ച സ്‌കോർ നേടുകയായിരുന്നു.
കഴിഞ്ഞ കളിയിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്. ഗുജറാത്ത് ടീമില്‍ വിജയ് ശങ്കറിനും വരുണ്‍ ആരോണിനും പകരം ദര്‍ശന്‍ നാല്‍കണ്ഡേയും സായ് സുദര്‍ശനും എത്തിയപ്പോൾ പഞ്ചാബ് കിങ്സിൽ ഭാനുക രാജപക്സെക്ക് പകരം ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ജോണി ബെയര്‍സറ്റോ ടീമിലെത്തുകയായിരുന്നു.
Read More: ‘ദളപതിയുടെ ബീസ്റ്റ് മോഡ്’; ബീസ്റ്റിലെ അടുത്ത ഗാനം പുറത്ത്..
ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടാണ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ഇന്നിറങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ തകർപ്പൻ ബാറ്റിംഗ് കാഴ്‌ചവെക്കാനായിരിക്കും തുടക്കം മുതൽ ടൈറ്റൻസിന്റെ ശ്രമം. അതേ സമയം ഒരു വിജയം കൂടി നേടി പോയിന്റ് ടേബിളിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനാണ് പഞ്ചാബ് ഇന്നിറങ്ങിയിരിക്കുന്നത്.
Story Highlights: Punjab kings has a good score against gujarat