ജോസഫിന് ശേഷം എം പത്മകുമാർ ചിത്രത്തിൽ രഞ്ജിൻ രാജിന്റെ സംഗീതം; ശ്രദ്ധനേടി പത്താംവളവിലെ ഗാനം

April 4, 2022

ജനഹൃദയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന ചിത്രമായിരുന്നു ജോജു ജോർജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം നിർവഹിച്ച ജോസഫ് എന്ന ചിത്രം. ജോസഫിന് ശേഷം പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അടുത്ത ചത്രമാണ് പത്താം വളവ്. ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറന്മൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽക്കേ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

ഇപ്പോഴിതാ സിനിമയിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിന് ശേഷം പത്മകുമാർ ചിത്രത്തിന് വേണ്ടി രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനമാണിത്. ഹരിചരൺ ആലപിച്ച ഗാനത്തിന്റെ വരികൾ തയാറാക്കിയത് വിനായക് ശശികുമാറാണ്. മെയ് 13 മുതൽ ചിത്രം തിയേറ്റർ വഴിയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

ഫാമിലി ഇമോഷണൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത് അഭിലാഷ് പിള്ളയാണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. അതിഥി രവി, സ്വാസിക, അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം, മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ജോജു ജോർജ് കേന്ദ്രകഥാപാത്രമായ ജോസഫ്. ‘ജോസഫ്’ എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ‘ജോസഫ്’. തിയേറ്ററുകളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രീയ നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതാണ്.

Story highlights: Ranjin Raj music for M Padmakumar film