കലാഭവൻ മണി സിനിമയിലേക്കെത്തിയതിന്റെ ഓർമകളുമായി അനുജൻ ആർഎൽവി രാമകൃഷ്ണൻ ഒരു കോടി വേദിയിൽ…

April 9, 2022

കലാഭവൻ മണിയെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ഒട്ടേറെ കഥാപാത്രങ്ങൾക്ക് അദ്ദേഹം വെള്ളിത്തിരയിൽ ജീവൻ നൽകിയിട്ടുണ്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യതാരമായാണ് അദ്ദേഹം ആദ്യമായി സിനിമയിലേക്കെത്തിയതെങ്കിലും പിന്നീട് മലയാളി പ്രേക്ഷകരുടെ നൊമ്പരമായി മാറിയ കുറെയേറെ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് അടക്കമുള്ള ഇതര ഭാഷകളിലും വളരെ കയ്യടി നേടിയ കുറെയേറെ കഥാപാത്രങ്ങളെ അദ്ദേഹം സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്.

ഇപ്പോൾ കലാഭവൻ മണിയുടെ ഓർമകളുമായി ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ എത്തിയിരിക്കുകയാണ് അനുജൻ ആർഎൽവി രാമകൃഷ്ണൻ. കലാകാരനും നടനും കൂടിയായ അദ്ദേഹം കലാഭവൻ മണി സിനിമയിലെത്തിയതിനെ പറ്റിയുള്ള ഓർമകളാണ് വേദിയിൽ പങ്കുവെക്കുന്നത്.

മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ മണി ആദ്യമായി അഭിനയിച്ചത് ദൂരദർശനിലെ സീരിയലിലായിരുന്നുവെന്നാണ് രാമകൃഷ്ണൻ പറയുന്നത്. അതിന് മുൻപ് അദ്ദേഹം ഒരു തികഞ്ഞ സ്പോർട്സ്മാനായിരുന്നുവെന്നും 100 മീറ്റർ ഓട്ടത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന മികവിലൂടെയാണ് അദ്ദേഹം ‘ബെൻ ജോൺസണായതെന്നും’ രാമകൃഷ്ണൻ ഓർത്തെടുക്കുന്നു. ആദ്യം പോലീസുകാരനാവാൻ ആഗ്രഹിച്ച മണി പിന്നീട് അതിന് കഴിയാതെ വന്നതിന് ശേഷമാണ് മിമിക്രിയിലേക്കും അഭിനയത്തിലേക്കുമെതിയതെന്നും അനുജൻ രാമകൃഷ്ണൻ പറയുന്നു.

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Read More: കളിക്കാർക്ക് വേണ്ടത് പൊറോട്ടയും ബീഫും, വോളിബോൾ കളിക്കാതെ തന്നെ കോച്ചും ക്യാപ്റ്റനുമായ രസകരമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നസെന്റ്

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: Rlv ramakrishnan about brother kalabhavan mani