ആവേശം പടർത്തുന്ന നൃത്തച്ചുവടുകളുമായി രാംചരണും എൻടിആറും; ‘ആർആർആറി’ലെ പുതിയ വിഡിയോ സോങ് പുറത്ത്

April 11, 2022

ഐതിഹാസിക വിജയം നേടിയ ബാഹുബലി എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സംവിധായകനായ രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ പ്രേക്ഷകരെ ആവേശത്തിലാക്കിയ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ സോങ് പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ “നാട്ടു നാട്ടു..” എന്ന ഗാനം വലിയ ഹിറ്റായിരുന്നു. തിയേറ്ററുകളിലും പ്രേക്ഷകരെ ആവേശത്തിലാക്കിയ ഗാനമായിരുന്നു ഇത്. നായകന്മാരായ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ഗാനത്തിലെ ആവേശം പിടിപ്പിക്കുന്ന നൃത്തചുവടുകളാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഈ ഗാനത്തിൻറെ വിഡിയോ സോങാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കൊവിഡ് കാരണം പല തവണ റീലീസ് മാറ്റി വച്ച ചിത്രം ഒടുവിൽ കഴിഞ്ഞ മാർച്ച് 24 നാണ് റിലീസ് ചെയ്തത്. തിയേറ്ററിലെത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്. ദംഗലിനും ബാഹുബലിക്കും ശേഷം 1000 കോടി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ‘ആർആർആർ.’ ഇപ്പോൾ ഇന്ത്യയിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാമതാണ് ആർആർആറിന്റെ സ്ഥാനം.

Read More: “മോഹൻലാലിനെ ദേഷ്യം പിടിപ്പിച്ച ആ പാട്ട്”; പൊട്ടിച്ചിരി പടർത്തി ഒരു കോടി വേദിയിൽ ഇന്നസെന്റ് പങ്കുവെച്ച ഓർമ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ കഥയാണ് RRR പറയുന്നത്. തെലുങ്ക് സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഡിവിവി എന്റെർറ്റൈൻന്മെറ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Story Highlights: RRR video song release