മത്സ്യമഴ: എല്ലാവർഷവും ഒരേസമയം പെയ്യുന്ന മത്സ്യമഴയ്ക്ക് പിന്നിലെ കാരണം തിരഞ്ഞ് ഗവേഷകർ
പ്രകൃതി എപ്പോഴും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ചിലപ്പോഴൊക്കെ മനുഷ്യൻ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും പ്രകൃതിയിൽ ഉണ്ടാകുന്ന അത്ഭുതങ്ങൾ. ഇപ്പോഴിതാ അത്തരത്തിൽ പ്രകൃതിയിൽ ഉണ്ടാകുന്ന ഒരു വിചിത്ര പ്രതിഭാസത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ലോകത്തിന്റെ വിവിധ ഇടങ്ങളിലായി മത്സ്യമഴ ഉണ്ടാകുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ വലിയ രീതിയിൽ പ്രചരിച്ചിട്ടുണ്ട്. തീർത്തും ഒറ്റപ്പെട്ട സംഭവമായാണ് പലയിടങ്ങളിലും ഇത് കണ്ടെത്തിയത്. എന്നാൽ പറഞ്ഞുവരുന്നത് ഒറ്റപ്പെട്ട സംഭവമായി മത്സ്യമഴ ഉണ്ടാകുന്ന ഇടത്തെക്കുറിച്ചുള്ള കാര്യമല്ല. എല്ലാ വർഷവും പതിവായി മത്സ്യമഴ ഉണ്ടാകുന്ന ഇടത്തെക്കുറിച്ചാണ്. വടക്കൻ ഹോണ്ടുറാസിലെ ചെറിയ പട്ടണമായ യോറോസിൽ എല്ലാ വർഷവും കൃത്യമായി ഈ പ്രതിഭാസം സംഭവിക്കും. ലുവിയ ഡി പെസസ് എന്നാണ് ഈ പ്രതിഭാസത്തെ ശാസ്ത്രലോകം വിളിക്കുന്നത്.
വർഷങ്ങളായി മെയ് മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശത്ത് മത്സ്യമഴ ഉണ്ടാകാറുണ്ട്. അതേസമയം ഈ പ്രതിഭാസത്തെ മത്സ്യമഴ എന്ന് പറയുമെങ്കിലും ആകാശത്ത് നിന്ന് മത്സ്യങ്ങൾ പെയ്യുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല. പകരം നൂറുകണക്കിന് മത്സ്യങ്ങൾ ഈ പ്രദേശത്ത് ചിതറികിടക്കുന്നതായി ഇവിടുത്തുകാർ പറയുന്നു. ഇതിന്റെ ചിത്രങ്ങളും വലിയ രീതിയിൽ ജനങ്ങൾക്കിടയിൽ വൈറലായിട്ടുണ്ട്. വളരെ ശക്തമായ കൊടുങ്കാറ്റിന് ശേഷമായിരിക്കും ഇവിടെ മത്സ്യങ്ങൾ വീഴുക.
അതേസമയം ഈ പ്രതിഭാസത്തെക്കുറിച്ച് വളരെയധികം പഠനങ്ങളും നടന്നുവരുന്നുണ്ട്. കനത്ത കൊടുങ്കാറ്റിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഭൂഗർഭ മത്സ്യത്തെ ഭൂമിക്ക് മുകളിലേക്ക് കൊണ്ടുവരുന്നതായി ചിലർ പറയുന്നു. ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏറ്റവും വ്യാപകമായി വിശ്വസിക്കപ്പെട്ട ഒരു സിദ്ധാന്തമാണിത്. അതേസമയം ഇത് സംബന്ധിച്ച് നിരവധി ഐതിഹ്യ കഥകളും ഇവിടെ ഉയരുന്നുണ്ട്. എന്നാൽ പ്രകൃതി ഇന്നും പിടിതരാത്ത ഒരു രഹസ്യമായി ഈ പ്രതിഭാസം തുടരുകയാണ്.
Story highlights: Secret about Strange Fish rain