ആഴക്കടലിലെ കാഴ്ച പകർത്തുന്നതിനിടെ ക്യാമറ വിഴുങ്ങി സ്രാവ്; പതിഞ്ഞത് അവിശ്വസനീയമായ ദൃശ്യങ്ങൾ- വിഡിയോ
രസകരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്നാണ് വൈറലാകുന്നത്. ഏതാനും നാളുകൾക്ക് മുൻപ് ഒരു GoPro ക്യാമറ തട്ടിയെടുത്ത് പറക്കുന്ന തത്തയുടെ വിഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു. തത്ത ക്യാമറയുമായി പറക്കുന്നതിനിടെ ഒട്ടേറെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു.
ഇപ്പോഴിതാ, ആഴക്കടലിലും സമാനമായ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വിഡിയോയിൽ ആഴക്കടലിൽ ദൃശ്യങ്ങൾ പകർത്തിയിരുന്ന ക്യാമറ ഒരു സ്രാവ് വിഴുങ്ങുന്നത് കാണാം. ‘സിമി ഡാ’ കിഡ് ഷെയർ ചെയ്ത വിഡിയോയിൽ സ്രാവ് ക്യാമറ വിഴുങ്ങാൻ ശ്രമിക്കുന്നതായി കാണാം.
ഇൻസ്റ്റ360 ക്യാമറയ്ക്ക് അടുത്തേക്ക് സ്രാവ് നീന്തി വരുന്നതും ക്യാമറ കടിച്ചെടുത്ത് വിഴുങ്ങാൻ ശ്രമിക്കുന്നതും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. പ്രവർത്തനക്ഷമമായിരുന്ന ക്യാമറയാകട്ടെ, സ്രാവിന്റെ വായുടെ ഉള്ളിലെ അറ ഉൾപ്പെടെ എല്ലാം റെക്കോർഡുചെയ്തു.
കൗതുകകരമായ ടൈഗർ ഷാർക്കിന്റെ വിഡിയോ വളരെയധികം കാഴ്ചകളും കമന്റുകളും നേടി. ഏറ്റവും രസകരമായ കാര്യം സ്രാവിന്റെ ശരീരത്തിന്റെ ഉൾഭാഗമാണ്. സ്രാവിന്റെ ശരീരത്തിന്റെ ഉൾഭാഗം കണ്ട് ആളുകൾ ആശ്ചര്യപ്പെടുകയും അത് ആധുനിക വാസ്തുവിദ്യയിലുള്ള ഒരു അപ്പാർട്ട്മെന്റിന്റെ തൂണുകളോട് സാമ്യമുള്ളതാണെന്നുമൊക്കെ അഭിപ്രായപ്പെട്ടു. ചിലർ ക്യാമറയുടെ നിലവിലെ അവസ്ഥയെ കുറിച്ചും കമന്റിൽ ചോദിക്കുന്നു.
അതേസമയം, GoPro ക്യാമറയിൽ തത്ത പകർത്തിയത് പറക്കുന്നതിനിടയിൽ ഉപരിതലത്തിലുള്ള കാഴ്ചകളായിരുന്നു. സൗത്ത് ഐലൻഡിലെ ഫിയോർഡ്‌ലാൻഡ് നാഷണൽ പാർക്കിൽ നടക്കുകയായിരുന്ന ന്യൂസിലാൻഡിലെ ഒരു കുടുംബമായിരുന്നു അപ്രതീക്ഷിതമായി പക്ഷിയുടെ തട്ടിയെടുക്കലിന് ഇരയായത്.
Story highlights- shark swallowed camera